കൂത്തുപറമ്പ്: വികസനത്തിന്റെ പുതുമോടിയിൽ മുഖം മിനുക്കാനൊരുങ്ങുകയാണ് ജില്ലയിലൂടെ കടന്നുപോകുന്ന പ്രധാന പുഴകൾ. മലനാട് റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി പുഴകളിൽ ബോട്ട് ജെട്ടിയും ടെർമിനലും സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ജില്ലയിലെ കൂത്തുപറമ്പ്, ധർമടം, തലശേരി, തളിപ്പറമ്പ്, കല്യാശേരി, പയ്യന്നൂർ, അഴീക്കോട്, എന്നീ മണ്ഡലങ്ങളിലെ പ്രധാന പുഴകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതി പ്രകാരം അഞ്ചരക്കണ്ടി, മാഹി, വളപട്ടണം, കുപ്പം, പെരുമ്പ എന്നീ പുഴകളിലാണ് ബോട്ടു ജെട്ടിയും ടെർമിനലും നിർമിക്കുന്നത്. തളിപ്പറമ്പ്, കല്യാശേരി, അഴീക്കോട് മണ്ഡലങ്ങളിൽ കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി എൺപത് കോടി രൂപ ചെലവിട്ടും കൂത്തുപറമ്പ് ,ധർമടം, തലശേരി, പയ്യന്നൂർ മണ്ഡലങ്ങളിൽ സംസ്ഥാന സർക്കാർ ഫണ്ടായ മുപ്പത്തിയെട്ടു കോടി രൂപ ഉപയോഗിച്ചുമാണ് ഇവ നിർമിക്കുക.ഇൻലാൻഡ് നാവിഗേഷൻ വകുപ്പാണ് സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തി നടത്തുന്നത്.
കൂത്തുപറമ്പ് മണ്ഡലത്തിലെ പെരിങ്ങത്തൂർ, മോന്താൽ, കരിയാട്, ധർമടം മണ്ഡലത്തിലെ ചിറക്കുനി, പാറപ്രം, ചേരിക്കൽ, മമ്പറം, തലശേരി മണ്ഡലത്തിലെ ന്യൂ മാഹി, കക്കടവ്, പാത്തിക്കൽ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പിലാക്കുക. ഏഴ് മണ്ഡലങ്ങളിലുമായി ബോട്ടുജെട്ടിയും ടെർമിനലുമായി ആകെ പതിനാല് എണ്ണമാണ് നിർമിക്കുന്നത്. ഇവയിൽ ഭൂരിഭാഗത്തിന്റെയും നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണിപ്പോൾ. അവശേഷിക്കുന്നവയുടെ ടെൻഡർ നടപടികൾ പൂർത്തിയായിക്കഴിഞ്ഞു.