തൊടുപുഴ: മലങ്കര അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ ഇന്നു രാവിലെ എട്ടിന് 50 സെന്റി മീറ്റർ വീതം ഉയർത്തി വെള്ളം പുറത്തേക്കൊഴുക്കും.
ന്യൂനമർദത്തെ തുടർന്നു ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിലാണ് നടപടി. പുഴയിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യതയുള്ളതിനാൽ തൊടുപുഴയാറിനും മൂവാറ്റുപുഴയാറിനും ഇരുവശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് എംവിഐപി അധികൃതർ അറിയിച്ചു.
കനത്ത മഴയോ, മൂലമറ്റം പവർ ഹൗസിൽനിന്നും വൈദ്യുതോത്പാദനത്തിനു ശേഷം പുറന്തള്ളുന്ന വെള്ളത്തിന്റെ അളവോ ക്രമാതീതമായി കൂടുന്ന സാഹചര്യമുണ്ടായാൽ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് ഒരു മീറ്ററാക്കി ഉയർത്തുമെന്നും അധികൃതർ അറിയിച്ചു.
ജലനിരപ്പ് നിയന്ത്രിച്ച് നിർത്തുന്നതിനായി ജനുവരി അഞ്ചു മുതൽ ആറു ഷട്ടറുകളുള്ള ഡാമിന്റെ രണ്ടു ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കിവരികയായിരുന്നു.
നിലവിൽ ഡാമിലെ ജലനിരപ്പ് 40.80 മീറ്ററാണ്. പരമാവധി സംഭരണശേഷി 42 മീറ്ററാണ്.