തൊടുപുഴ: കനത്ത മഴയില്‍ ജല നിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് മലങ്കര ഡാമിന്റെ നാലു ഷട്ടറുകള്‍ തുറന്നു. രണ്ട്, നാല്, അഞ്ച്, ആറ് ഷട്ടറുകളാണ് തുറന്നത്. കഴിഞ്ഞ ദിവസം രണ്ടു ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേയ്ക്കൊഴുക്കിയിരുന്നു. ഡാമില്‍ ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്നാണ് കൂടുതല്‍ ഷട്ടറുകള്‍ തുറന്നത്.
തൊടുപുഴയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 42 മീറ്ററാണ് മലങ്കര ഡാമിന്റെ പരമാവധി സംഭരണ ശേഷി. നിലവില്‍ 40.50 മീറ്ററാണ് ഡാമിലെ ജലനിരപ്പ്.
മഴ ശക്തിപ്പെട്ടതും മലങ്കര പവര്‍ഹൗസില്‍ വൈദ്യുതോത്പാദനം കൂട്ടിയതുമാണ് ഇപ്പോള്‍ ജലനിരപ്പുയരാന്‍ കാരണം. എന്നാല്‍ ജലനിരപ്പ് ബ്ലൂ ലെവലിലും താഴെയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എംവിഐപി അധികൃതര്‍ അറിയിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.