ഒറ്റപ്പാലം: ആർദ്രംപദ്ധതിയിൽ ഉൾപ്പെടുത്തി അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയും കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുകയും ചെയ്ത മങ്കര ആശുപത്രിയിൽ ഡോക്ടർമാരില്ലാത്തതുമൂലം രോഗികൾ വലയുന്നു. ഇതുമൂലം ഒപി പരിശോധന പൂർണമായും മുടങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്.മൂന്നു ഡോക്ടർമാരെ നിയമിക്കേണ്ട കേന്ദ്രത്തിൽ നിലവിലുള്ളത് രണ്ടുപേർ മാത്രം.
ഡോക്ടർമാർ അവധിയെടുക്കുന്പോഴാണ് ഒപി മുടങ്ങുന്നത്. ചില ദിവസങ്ങളിൽ ഡോക്ടർമാരില്ലാത്തതുമൂലം ആരോഗ്യ കേന്ദ്രം പ്രവർത്തിക്കാത്ത സാഹചര്യവും ഉണ്ടാകുന്നുണ്ടന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.ഇതിന്റെ പേരിൽ കഴിഞ്ഞദിവസം കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ സമരം നടന്നിരുന്നു. വൈകുന്നേരം ആറുവരെ പ്രവർത്തിക്കേണ്ട കേന്ദ്രത്തിൽ ഡോക്ടർമാരില്ലാത്തതിനാൽ ഒപി സമയം ഉച്ചവരെയായി കുറച്ചിരിക്കുകയാണ്.
പഞ്ചായത്ത് നിയമിക്കേണ്ട ഡോക്ടറെ ഇതുവരെ ലഭ്യമാകാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. 2018 ഫെബ്രുവരിയിലാണ് ആർദ്രംപദ്ധതി ഇവിടെ ആരംഭിച്ചത്. ആറുമാസക്കാലം ഡോക്ടറെ നിയമിച്ചിരുന്നുവെങ്കിലും പിന്നീട് നിയമനം മുടങ്ങി. പ്രതിദിനം ഇരുന്നൂറിലേറെ രോഗികളാണ് ചികിത്സയ്ക്കായി ഇവിടെയെത്തുന്നത്. മഴക്കാലമായതോടെ രോഗികളുടെ എണ്ണത്തിൽ വൻവർധനവാണ് ഇവിടെ ഉണ്ടായിട്ടുള്ളത്.
പരിസര പഞ്ചായത്തുകളായ മങ്കര, ലക്കിടിപേരൂർ, മണ്ണൂർ, പറളി എന്നിവിടങ്ങളിൽനിന്നുള്ള രോഗികളും ഇവിടെ ചികിത്സതേടി എത്തുന്നുണ്ട്. അതേസമയം അടുത്ത മാസത്തോടെ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് ഡിഎംഒ ഉറപ്പുനല്‍കിയിട്ടുള്ളത് കോണ്‍ഗ്രസ് പ്രവർത്തകർ പറയുന്നു.