കോഴിക്കോട്: പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി മലാപ്പറമ്പ്-രാമനാട്ടുകര ബൈപാസില്‍ പാച്ചാക്കില്‍ ഭാഗത്ത് കുമിഞ്ഞുകൂടുന്ന മാലിന്യം കോർപറേഷൻ അധികൃതർ നീക്കി തുടങ്ങി. റോഡിന്റെ ഇരു വശത്തുമായി മാലിന്യം കെട്ടിക്കിടക്കുന്നത് ജനങ്ങളോ രോഗഭീതിയിലാഴ്ത്തിയിരുന്നു. സംഭവം കഴിഞ്ഞ 26ന് രാഷ്ട്രദിപിക റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മാലിന്യം നീക്കാനുള്ള നടപടിയുമായി കോർപറേഷൻ രംഗത്തെത്തിയത്.
റോഡിന്റെ ഇരുവശത്തുമായി കെട്ടിടങ്ങള്‍ പൊളിച്ച അവശിഷ്ടം മുതല്‍ അറവ് മാലിന്യം വരെ വാഹനത്തിലെത്തുന്നവര്‍ ഇവിടെ തള്ളിയിരുന്നു. ഇതെല്ലാം നീക്കം ചെയ്യുന്ന നടപടിയാണ് കോർപറേഷൻ ആരംഭിച്ചത്. നീക്കം ചെയ്യുന്ന മാലിന്യം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ലഭിച്ച വിവരത്തെ തുടർന്നാണ് ആറ് പേരെ തിരിച്ചറിയാൻ സാധിച്ചതെന്ന് കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. ബാബുരാജ് പറഞ്ഞു. ഇവർക്ക് കോർപറേഷൻ നോട്ടീസ് അയച്ചിട്ടുമുണ്ടെന്ന് അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു.
ബൈപാസിൽ മാലിന്യം തള്ളുന്നത് തടയാൻ പ്രദേശവാസികൾ പല തവണ നിരവധി പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും വിജയിച്ചിരുന്നില്ല. ഏകദേശം ഒരു കിലോമീറ്ററോളം ദൂരത്തിലാണ് ഇവിടെ മാലിന്യം തള്ളിയിരുന്നത്. അറവ് മാലിന്യവും കല്യാണ വീടുകളില്‍ നിന്നുള്ള മാലിന്യങ്ങളും ചാക്കിലാക്കി തള്ളുന്നത് പ്രദേശത്ത് അസഹ്യ ദുര്ഗന്ധമുണ്ടാക്കിയിരുന്നു. ഇറച്ചി മാലിന്യവും ഭക്ഷണ അവശിഷ്ടങ്ങളും കുന്നുകൂടി കിടക്കുന്നത് പ്രദേശത്തെ ജനങ്ങള്‍ക്ക് വലിയ ഭീഷണിയായിരുന്നു.
ചാക്കില്‍ കെട്ടി തള്ളുന്ന മാലിന്യം മഴ പെയ്തതോടെ അളിഞ്ഞ് നാറാന്‍ തുടങ്ങിയിരുന്നു. അറവ് മാലിന്യം മഴയത്ത് അളിഞ്ഞതോടെ റോഡരികില്‍ മലിനജലമായി കെട്ടിക്കിടന്നത് ബൈപാസിലെ യാത്രക്കാർക്കും വലിയ ശല്യമായി മാറിയിരുന്നു. നേരത്തെ മുതല്‍ പാച്ചാക്കില്‍ ഭാഗത്ത് മാലിന്യം തള്ളുന്നത് പതിവായിരുന്നെങ്കിലും അടുത്തകാലത്താണ് ഇത് വര്‍ധിച്ചിരുന്നതെന്ന് നാട്ടുകാർ പറയുന്നു. അറവ് മാലിന്യവും ഭക്ഷണ അവശിഷ്ടങ്ങളും തള്ളുന്നതിനാല്‍ പ്രദേശത്ത് തെരുവുനായകള്‍ തമ്പടിക്കുന്നതും ജനങ്ങൾക്ക് വെല്ലുവിളിയായിരുന്നു.