എഫ്ബി ലൈവില്‍ വിജയ് ബാബു ഇരയുടെ പേര് പറയുന്നത് നമ്മളെല്ലാവരും കണ്ടതാണ്. ഇരയുടെ പേര് പറയാന്‍ പാടില്ല എന്നത് ഇന്ത്യയില്‍ നിലനില്‍ക്കുന്ന ശക്തമായ നിയമമാണ്.
അവര്‍ തമ്മിലുളള ബന്ധമെന്താണ് എന്നതൊക്കെ അവരുടെ വ്യക്തിപരമായ കാര്യമാണ്. വിജയ് ബാബുവിന്റെ കൈയില്‍ തെളിവുകളുണ്ടാകാം.
അതൊക്കെ അംഗീകരിക്കുമ്പോള്‍ പോലും പേര് വെളിപ്പെടുത്തിയ കാര്യത്തില്‍ വിജയ് ബാബുവിനെതിരേ അമ്മയില്‍ നടപടി ഉണ്ടാകേണ്ടതുണ്ട്.
പ്രത്യേകിച്ച് ഐസിസി അംഗമായിരിക്കുമ്പോള്‍ അക്കാര്യം ശിപാര്‍ശ ചെയ്യാനുളള ഉത്തരവാദിത്തം എനിക്കുണ്ട്. അമ്മയില്‍ ഐസിസി അടുത്ത കാലത്താണ് രൂപീകരിച്ചത്.
ഔദ്യോഗികമായി ഒരു പരാതി ലഭിച്ചാല്‍ മാത്രമല്ല ഐസിസിക്ക് ഇടപെടാനാകുക. ഒരു സംഘടനയിലെ സ്ത്രീപക്ഷ നയങ്ങള്‍ നടപ്പാക്കാനുളള ഉത്തരവാദിത്തം ഐസിസിക്കുണ്ട്.
അമ്മ ഐസിസിയില്‍ അഞ്ചു പേരാണ് ഉളളത്. ശ്വേതാ മേനോന് ആണ് ചെയര്മാന്. കുക്കു പരമേശ്വരന്, രചന നാരായണന്‍കുട്ടി, അഡ്വക്കേറ്റ് അനഖ എന്നിവരാണ് അംഗങ്ങള്‍.
വിജയ് ബാബു സ്വമേധയാ അമ്മയില്‍ നിന്ന് മാറിനില്ക്കാന് തീരുമാനിച്ചു എന്നുളള പ്രസ്താവന കണ്ടു. അമ്മ ആവശ്യപ്പെട്ടു എന്നൊരു വാക്കില്ല.
അതുകൊണ്ട് തന്നെ അതൊരു അച്ചടക്ക നടപടിയാകുന്നില്ല. അത് സമൂഹത്തിന് നല്കുന്ന സന്ദേശം ശരിയാണെന്ന് തോന്നുന്നില്ല.-മാലാ പാര്‍വതി