ചേർപ്പ്: ഊരകത്ത് ബൈക്കിലെത്തി മാലപൊട്ടിക്കുന്ന സംഘം വിലസുന്നു. ഇന്നലെ വൈകിട്ട് മുറ്റം അടിച്ചുവാരുന്ന വയോധികയായ വീട്ടമ്മയുടെ രണ്ടരപവൻ മാലയാണ് മോഷ്ടാക്കൾ അപഹരിച്ചത്. ഊരകം ക്ഷേത്രത്തിനു സമീപം വിളങ്ങോട് റോഡിൽ മാങ്ങാട്ടുകരപറന്പിൽ കുഞ്ഞുപെണ്ണിന്റെ (74) മാലയാണ് നഷ്ടപ്പെട്ടത്.
വൈകിട്ട് വീടിന്റെ മുൻവശത്തെ റോഡ് അടിച്ചുവാരുന്പോഴാണ് സംഭവം. അയൽവാസിയായ സ്ത്രീയോട് സംസാരിക്കുന്ന സമയത്ത് ബൈക്കിന്റെ പുറകിൽ ഇരുന്നയാൾ ചാടിയിറങ്ങി മാല പൊട്ടിക്കുകയായിരുന്നു. തുടർന്ന് ഈ ബൈക്കിൽതന്നെ രക്ഷപ്പെട്ടു.
ബൈക്കിന്റെ സൈലൻസറിന്റെ ശബ്ദം കാരണം ഇവർ ബഹളമുണ്ടാക്കിയത് ആരും കേട്ടില്ല. ചേർപ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഏഴുമാസത്തിനുള്ളിൽ മൂന്നാംതവണയാണ് ഈ പരിസരങ്ങളിൽ മാലമോഷണം നടക്കുന്നത്.