വടക്കഞ്ചേരി: ബസ് യാത്രയ്ക്കിടെ വീട്ടമ്മയുടെ മാലപൊട്ടിക്കാൻ ശ്രമിച്ച തമിഴ് യുവതിയെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിലേല്പിച്ചു. തമിഴ്നാട് തിരുപ്പൂർ സ്വദേശിയാണെന്നു പറയുന്ന രേവതി (38) യെയാണ് പിടികുടിയത്. ഇവരുടെ യഥാർത്ഥ പേര് ഇതുതന്നെയാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
ഇന്നുരാവിലെ ഒന്‍പതരയോടെയാണ് സംഭവം. ദേശീയപാത അഞ്ചുമൂർത്തി മംഗലത്തുനിന്നും വടക്കഞ്ചേരിക്ക് കയറിയ തങ്കമണി എന്ന വീട്ടമ്മയുടെ രണ്ടുപവന്റെ സ്വർണമാലയാണ് വടക്കഞ്ചേരിയിൽ ബസിറങ്ങുന്നതിനിടെ യുവതി പൊട്ടിച്ചത്. എന്നാൽ മാലയിൽ സേഫ്റ്റി പിൻകുത്തിയിരുന്നതിനാൽ മാല പൊട്ടിച്ചെടുക്കാൻ കഴിഞ്ഞില്ല.
വീട്ടമ്മ ബഹളം വച്ചപ്പോൾ യുവതി ബസിൽ നിന്നിറങ്ങി ഓടി ഓട്ടോയിൽ തങ്കം കവലയിലേക്കുപോയി. പിന്നാലെ നാട്ടുകാരും ഇവരെ പിന്തുടർന്നു. ആളുകൾ ഓടികൂടുന്നതുകണ്ടു ഇവർ തങ്കം കവലയിലിറങ്ങി മറ്റൊരു ഓട്ടോയിൽ മംഗലംപാലം ഭാഗത്തേക്കുപോയി. അവിടെ വച്ചാണ് ഇവരെ പിടികൂടിയത്.
സാരി ധരിച്ച തടിച്ച സ്ത്രീയാണിവർ. ഈയടുത്ത കാലത്തായി ബസുകളിൽ മാലപൊട്ടിക്കൽ സംഭവങ്ങൾ ഏറുകയാണ്. ഇത്തരം അന്യസംസ്ഥാന മോഷണസംഘങ്ങൾ കേരളത്തിൽ വ്യാപകമായിട്ടുണ്ടെന്നാണ് വിവരം. ഉത്സവസീസണ്‍ ലക്ഷ്യം വച്ചാണ് സംഘങ്ങളുടെ വരവ്.