കോട്ടയം: മകളുടെ വീട്ടിൽ വിരുന്നു വന്ന വയോധികയുടെ ഒന്നര പവൻ മാല ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിയെടുത്തു. മണ്ണയ്ക്കനാടിനു സമീപം ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. മരങ്ങാട്ടുപിള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൂവത്തുങ്കൽ മധുവിന്റെ ഭാര്യാ മാതാവ് ലക്ഷ്മി (84)യുടെ മാലയാണ് കവർച്ച ചെയ്യപ്പെട്ടത്. പെരുന്പാവൂരിലാണ് ലക്ഷ്മിയുടെ വീട്.
ഒരാഴ്ച മുൻപാണ് ഇവർ മകളുടെ വീട്ടിൽ എത്തിയത്. വഴിയരികിലാണ് ഇവരുടെ വീട്. ഇന്നലെ ഉച്ചയ്ക്ക് വീടിനു മുന്നിലിരിക്കുന്പോൾ ബൈക്കിൽ രണ്ടു പേർ വന്ന് വീടിനു മുന്നിൽ ഇറങ്ങി. ഒരാൾ വീട്ടുമുറ്റത്തേക്ക് വന്ന് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. ലക്ഷ്മി അകത്തുകയറി വെള്ളം കൊണ്ടുവന്ന് കൊടുക്കുന്നതിനിടെ കഴുത്തിൽ കിടന്ന മാല വലിച്ചുപൊട്ടിച്ചെടുക്കുകയായിരുന്നു.
വീട്ടിൽ ഈ സമയം ആരും ഉണ്ടായിരുന്നില്ല. അൽപ നേരം കഴിഞ്ഞാണ് ഇവർ വിവരം അയൽവാസികളെ അറിയിച്ചത്. സംഭവമറിഞ്ഞയുടൻ മരങ്ങാട്ടുപിള്ളി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും സംശയകരമായി ആരെയും കണ്ടെത്താനായില്ല. വയോധികയ്ക്ക് ഓർമക്കുറവുളളതാണ്. അതിനാൽ വാഹനം ഏതാണെന്നു പോലും വ്യക്തമായി പറയാനാവുന്നില്ല.
എങ്കിലും സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ് പോലീസ്.ഇന്നലെ ഉച്ചയ്ക്ക് സംഭവം നടന്ന വീടിനു സമീപത്തെ റോഡിലുടെ കടന്നു പോയ ഇരുചക്ര വാഹനങ്ങൾ പരിശോധിച്ചതിൽ സംശയം തോന്നിയ ഏതാനും വാഹനങ്ങൾ തെരഞ്ഞെടുത്ത് പരിശോധിച്ചു വരികയാണ്.