കൊച്ചി: രാത്രി വീടിന്റെ പൂമുഖത്തിരുന്ന് മൊബൈല്‍ ഫോൺ നോക്കുകയായിരുന്ന വീട്ടമ്മയുടെ പത്തു പവന്റെ മാല പൊട്ടിച്ചെടുത്തതായി പരാതി.
വ്യാഴാഴ്ച രാത്രി പത്തരയോടെ തമ്മനം നന്ദനത്ത് കൊച്ചാക്കോ റോഡിലെ വീട്ടിലായിരുന്നു സംഭവം. റോഡിനോടു ചേര്‍ന്നാണ് ഇവരുടെ വീട്.
മോഷ്ടാവ് പിന്നിലൂടെയെത്തി മാല പൊട്ടിച്ചെടുത്തു കടന്നുകളയുകയായിരുന്നു. വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്നു പള്‍സര്‍ ബൈക്കിലെത്തിയ രണ്ടു പേരാണ് മാല പൊട്ടിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെയിന്‍കോട്ടും ഹെല്‍മറ്റും ധരിച്ചിരുന്ന ഇവര്‍ മാസ്ക് വച്ചിരുന്നതിനാൽ തിരിച്ചറിയാനായിട്ടില്ല. പാലാരിവട്ടം എസ്ഐ ടി.എസ്. രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.