കാഞ്ഞിരപ്പള്ളി: സ്കൂട്ടറിലെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ സ്വർണ മാല കവർന്നു. കുന്നുംഭാഗം ഗവ. സ്കൂളിനു സമീപം ഇന്നു രാവിലെ 9.30നാണ് സംഭവം.
സമീപത്തെ കുടുംബവീട്ടിലേക്ക് നടന്നു പോവുകയായിരുന്ന വീട്ടമ്മയുടെ സമീപം സ്കൂട്ടർ നിർത്തി വഴി ചോദിക്കാനെന്ന വ്യാജേന എത്തിയ മോഷ്ടാവ് വീട്ടമ്മയുടെ നാലുപവൻ മാല അപഹരിക്കുകയായിരുന്നു. വീട്ടമ്മയുടെ കഴുത്തിനും കൈക്കും പരിക്കുണ്ട്.
മാല പൊട്ടിച്ചെടുത്തശേഷം മോഷ്ടാവ് സ്കൂട്ടറിൽ കടന്നുകളഞ്ഞു.
കറുത്ത ആക്ടീവ സ്കൂട്ടറിൽ കറുത്ത ജാക്കറ്റ് ധരിച്ചാണ് മോഷ്ടാവ് എത്തിയത്. പൊൻകുന്നം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ വീട്ടമ്മയെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുന്നുംഭാഗം ഭാഗത്ത് ഇരുചക്ര വാഹനത്തിലെത്തി മാല കവരുന്ന സംഘം നാളുകളായി വിലസുകയാണ്. ഇന്നലെ യും വീട്ടമ്മയുടെ മാല ബൈക്കിലെത്തി കവരാൻ ശ്രമം നടന്നിരുന്നു. കുന്നുംഭാഗം – മറ്റത്തിൽപടി റോഡിൽ ഉച്ചയ്ക്ക് 12നായിരന്നു സംഭവം.
പാന്പാടി ആലാംപള്ളി വരിക്കാനി ഓമനയുടെ മാലയാണ് മോഷ്ടിക്കാൻ ശ്രമം നടന്നത്. പാന്പാടിയിൽ നിന്ന് കുന്നുംഭാഗത്തെ കുടുംബ വീട്ടിലേക്ക് പോകുന്ന വഴി ബൈക്കിലെത്തിയ ആൾ ഓമനയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു.
പെട്ടെന്ന് വീട്ടമ്മ പുറകിലേക്ക് മാറിയതിനാൽ മോഷണ ശ്രമം പരാജയപ്പെട്ടു. ഇതിനിടെ വീട്ടമ്മയുടെ കഴുത്തിനും ചുണ്ടിനും പരിക്കേറ്റു. വിവരമറിഞ്ഞ് പൊൻകുന്നം പോലീസ് എത്തി പരിശോധന നടത്തി.
കുന്നുംഭാഗത്തും പരിസരപ്രദേശങ്ങളിലും മോഷണപരന്പരകൾ തുടർക്കഥയാകുകയാണ്. രണ്ടു മാസത്തിനിടെ നിരവധി മോഷണ ശ്രമം നടന്നു. എല്ലായ് പ്പോഴും വീട്ടമ്മമാരാണ് മോഷ്ടാക്കളുടെ ഇരയാകുന്നത്.
നിലവിൽ മൂന്ന് വീട്ടമ്മമാരുടെ മാലകൾ മോഷ്ടാക്കൾ പൊട്ടിച്ചെടുത്തു. ഇതിൽ ഒരാളെ മാത്രമാണ് പോലീസിന് പിടികൂടാനായത്. പ്രദേശത്ത് സ്ത്രീകൾക്ക് നേരെയുള്ള സാമൂഹ്യവിരുദ്ധരുടെ ശല്യവും രൂക്ഷമാണ്.
ഈ റോഡിലെ മിക്ക ഹൈമാസ്റ്റ് ലൈറ്റുകളും തെളിയാതെ കിടക്കുകയാണ്. റോഡിന്റെ ഇരുവശങ്ങളിലും കാട് വളർന്ന് നിൽക്കുന്നതും വഴിയാത്രക്കാരെ ദുരിതത്തിലാക്കുന്നു.
അധികൃതർ ലൈറ്റുകൾ തെളിയിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കാടുകൾ വെട്ടിത്തെളിക്കണമെന്നും പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും കുന്നുംഭാഗം അനുഗ്രഹ റസിഡന്സി അസോസിയേഷൻ ആവശ്യപ്പെട്ടു.