ചങ്ങനാശേരി: സ്കൂട്ടറിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ട യുവാക്കളുടെ ചിത്രങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞു. സ്കൂട്ടറിന്റെ രജിസ്റ്റർ നന്പറും വ്യക്തമായി. പായിപ്പാട് പടിക്കലേപറന്പിൽ ലീലാമ്മ ബാലൻ (60) ന്റെ മാല പൊട്ടിച്ചാണ് രണ്ടംഗ സംഘം രക്ഷപ്പെട്ടത്.
സ്വർണമല്ലാത്തതിനാൽ ലീലാമ്മ പരാതി നൽകിയില്ലെങ്കിലും യുവാക്കൾ കുടുങ്ങുമെന്ന് ഉറപ്പായി. മാലയിൽ ഉണ്ടായിരുന്ന സ്വർണ താലി താഴെ വീണതിനാൽ നഷ്ടപ്പെട്ടില്ല. പായിപ്പാട് കൊച്ചുപള്ളി ഹോമിയോ ഡിസ്പെൻസറിക്ക് സമീപമായിരുന്നു സംഭവം.
വീട്ടിലെത്തിയ ലീലാമ്മ വീട്ടുകാരോടും പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മോഹനനെ വിവരം അറിയിച്ചു. തൃക്കൊടിത്താനം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്ന് തൃക്കൊടിത്താനം പോലീസ് പറഞ്ഞു.