അടൂർ: കാൽനടയാത്രക്കാരായ സ്ത്രീകളെ ആക്രമിച്ച് കഴുത്തിൽ കിടന്ന സ്വർണമാല അപഹരിക്കുന്ന ബൈക്ക് സംഘങ്ങൾ വ്യാപകം.
കഴിഞ്ഞദിവസം അടൂർ, പന്തളം, കോന്നി എന്നിവിടങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെട്ടു. ഒറ്റയ്ക്കും രണ്ടുപേരും ചേർന്നാണ് ബൈക്കിലെത്തുന്നത്.
ഒറ്റപ്പെട്ട വഴികളിലൂടെ നടക്കുന്നവരെയാണ് ഏറെയും ഇവർ ലക്ഷ്യംവയ്്ക്കുന്നതെങ്കിലും പ്രധാന നിരത്തുകളിലും മാല അപഹരിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇന്നലെ അടൂർ വെള്ളക്കുളങ്ങര കനാൻ നഗറിൽ ജോജി ആൽഫ്രഡിന്റെ കഴുത്തിൽ കിടന്ന നാലര പവന്റെ മാലയാണ് പൊട്ടിച്ചെടുത്തത്. രാവിലെ 10.45നായിരുന്നു സംഭവം.
പള്ളിയിൽ പോയി മടങ്ങവെ മണക്കാലായ്ക്കുള്ള വഴി ചോദിക്കാനെന്ന വ്യാജേന എത്തി മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. അടൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
നേരത്തെ നിരവധി മോഷണക്കേസുകളിലെ പ്രതികളെ പിടികൂടിയ ഉദ്യോഗസ്ഥരുടെ പ്രത്യേക ടീം വിവരമറിഞ്ഞപ്പോൾ തന്നെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
നേരത്തെ മാല പൊട്ടിച്ച് കടന്ന കേസിൽ പെട്ടിരുന്നവരെ സംബന്ധിച്ചും പരിശോധന നടത്തുന്നുണ്ട്. ഇൻസ്പെക്ടർ റ്റി.ഡി. പ്രജീഷിന്റ നേതൃത്വത്തിലാണ് അന്വേഷണം.