പറവൂർ: സ്വർണ മാലയെന്ന് കരുതി പൊട്ടിച്ചെടുത്തത് മുക്കുപണ്ടം. വയോധികയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ച ശേഷം മാല പൊട്ടിച്ച പ്രതിയും നാട്ടുകാരോടൊപ്പം അന്വേഷണത്തിനിറങ്ങിയെങ്കിലും കള്ളൻ കപ്പലിൽ തന്നെ എന്ന് തിരിച്ചറിഞ്ഞ പോലീസ് പ്രതിയെ പിടികൂടി. ചേന്ദമംഗലം കിഴക്കുംപുറം കോറ്റട്ടാൽ മാതിരപള്ളി ഷാജഹാനെയാണ് (28) വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തത്.
കോറ്റാട്ടാൽ ക്ഷേത്രത്തിന് വടക്ക്, ഷാജഹാന്റെ വീടിനു മുന്നിലെ റോഡിലൂടെ നടന്നുപോയ സുഭദ്രയുടെ (80) മാലയാണ് പൊട്ടിച്ചത്. ഷാജഹാൻ സുഭദ്രയുടെ പിന്നിലൂടെ ചെന്നു കണ്ണിലേക്കു മുളകുപൊടിയെറിഞ്ഞ ശേഷം മാല പൊട്ടിച്ച് ഓടി. സ്വർണമാലയാണെന്നു കരുതി പൊട്ടിച്ചതു മുക്കുപണ്ടമായിരുന്നു. കവർച്ചയ്ക്കിടെ പരുക്കേറ്റ സുഭദ്ര ഷാജഹാന്റെ വീടിന്റെ വരാന്തയിലാണ് വിശ്രമിച്ചത്.
നാട്ടുകാരും പോലീസും മാലക്കള്ളനെ തിരക്കിയിറങ്ങിയപ്പോൾ ഷാജഹാനും സജീവമായി അന്വേഷണത്തിൽ പങ്കെടുത്തു. ഷർട്ട് ധരിക്കാത്ത, ചാര നിറമുള്ള മുണ്ടു മാത്രമുടുത്ത വെളുത്തയാളാണ് മാല പൊട്ടിച്ചതെന്നു സുഭദ്ര മൊഴി നൽകി.മാല പൊട്ടിക്കൽ നടന്ന റോഡിലേക്ക് പുറത്തു നിന്നാരും വന്നിട്ടില്ലെന്നും സംഭവസ്ഥലത്ത് ഉള്ളയാൾ തന്നെയാണ് പ്രതിയെന്നും പോലീസ് ഉറപ്പിച്ചു.
മോഷ്ടാവ് ഷാജഹാൻ ആയിരിക്കുമെന്ന സൂചനകളും ലഭിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഷാജഹാൻ പിടിയിലായത്. സുഭദ്രയുടെ മാല ഷാജഹാന്റെ വീടിന് പിന്നിലെ ബക്കറ്റിൽ സൂക്ഷിച്ചിരുന്ന തവിടിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. അന്വേഷണത്തിന് വടക്കേക്കര പോലീസ് ഇൻസ്പെക്ടർ കെ.ആർ. ബിജു, എസ്ഐ വി.എം. റസാഖ്, എഎസ്ഐ ടി കെ. സുധി എന്നിവർ നേതൃത്വം നൽകി. ഷാജഹാനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.