വെള്ളിക്കുളങ്ങര: മോഷ്ടിച്ച ബൈക്കിൾ കവർച്ച നടത്തിയ കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. കുറ്റിച്ചിറ അംബേദ്കർ കോളനി കുന്പളത്താൻ വീട്ടിൽ നിബീഷിനെയാണ് ( 23) ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഈ കേസിലെ മറ്റൊരു പ്രതിയായ ചെന്പൻകുന്ന് സ്വദേശി അരുൺ നേരത്തെ കാലടി പോലീസിന്റെ പിടിയിലായിരുന്നു. ഇക്കഴിഞ്ഞ 14നാണു കേസിനാസ്പദമായ സംഭവം.
മാരാംകോട് സ്വദേശിയായ യുവാവിന്റെ വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ചാണു നിബീഷും കൂട്ടാളിയും കവർച്ചയ്ക്കായി ഇറങ്ങിയത്.
വെള്ളിക്കുളങ്ങര, വരന്തരപ്പിള്ളി, ചാലക്കുടി എന്നീ പോലീസ് സ്റ്റേഷനുകളിൽ കൊലപാതകം, വധശ്രമം, അടിപിടി കേസുകളിൽ പ്രതിയാണു നിബീഷ്.
രാമപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ത്രീയുടെ 25,000 രൂപയും ഫോണുകളും അടങ്ങിയ ബാഗ് ബൈക്കിലെത്തി മോഷണം നടത്തിയതിനും കാലടി പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു ഹോട്ടലിൽ അടിപിടി ഉണ്ടാക്കിയതിനും കേസ് ഉണ്ട്.
അന്വേഷണ സംഘത്തിൽ വെള്ളിക്കുളങ്ങര സിഐ കെ.പി. മിഥുൻ, ക്രൈം സ്ക്വാഡ് എസ്ഐ ജിനുമോൻ തച്ചേത്ത്, എഎസ്ഐമാരായ സതീശൻ മടപ്പാടിൽ, പി.എം. മൂസ, റോയ് പൗലോസ്, എസ്സിപിഒമാരായ വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ്, എം.ജെ. ബിനു, സി.ആർ. ബിനോയ്, എം.എസ്. ഷോജു എന്നിവരും ഉണ്ടായിരുന്നു.