തൊടുപുഴ: വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ ശേഷം മൂന്നു പവൻ സ്വർണമാല പൊട്ടിച്ചെടുത്ത് കടന്ന യുവാക്കൾ തൊടുപുഴ പോലീസിന്റെ പിടിയിലായി. തൃശൂർ വെള്ളാങ്കല്ലൂർ വിളയനാട്ട് ആലപ്പാടൻ വീട്ടിൽ അലൻ (19) തൊടുപുഴ മണക്കാട് തൊട്ടിയിൽ ആനന്ദ് ബിജു(18) എന്നിവരാണ് പിടിയിലായത്.
ആലപ്പുഴ മാന്നാറിൽ അലന്റെ പെൺ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മണക്കാട് ചെറുകാട്ടുപാറയ്ക്കു സമീപം തോട്ടിൽ കുളിക്കാനെത്തിയ വീട്ടമ്മയുടെ മാലയാണ് പ്രതികൾ ഇവരുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ ശേഷം പൊട്ടിച്ചെടുത്തു കടന്നത്.
തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ വീട്ടമ്മ ഭർതൃമാതാവിനും കുട്ടിയോടുമൊപ്പമാണ് തോട്ടിൽ തുണിയലക്കാനും കുളിക്കാനുമായി പോയത്. ഈ സമയത്താണ് ഒരാളെത്തി മാല പൊട്ടിച്ച് രക്ഷപ്പെട്ടത്. പിന്നീട് പ്രതികൾ സ്കൂട്ടറിൽ പ്രദേശത്തുനിന്നും കടന്നു.
മോഷണം നടത്തുന്നതിനായി രണ്ടു ദിവസമായി പ്രതികൾ പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നെന്ന് പോലീസ് പറഞ്ഞു.അപരിചിതരായ രണ്ടു പേർ ഹെൽമറ്റ് ധരിച്ച് പ്രദേശത്ത് കറങ്ങുന്നതായുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. വീട്ടമ്മ തോട്ടിലെത്തുന്ന സമയവും മറ്റും മനസിലാക്കിയാണ് പ്രതികൾ മോഷണം പ്ലാൻ ചെയ്തത്.
സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ പോലീസിന് ആദ്യഘട്ടത്തിൽ മോഷ്ടാക്കളെ കുറിച്ച് വിവരം ലഭിച്ചില്ല. എന്നാൽ കഴിഞ്ഞ ദിവസം മേഖലയിൽനിന്നും കടന്നയാളുകളെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്.
കൂടാതെ പെട്രോൾ പന്പിൽനിന്നു ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തെക്കുറിച്ചും വിവരം ലഭിച്ചു. തുടർന്ന് നടത്തിയ കൂടുതൽ അന്വേഷണത്തിലാണ് മാന്നാറിൽനിന്ന് ഇവർ പിടിയിലായത്.മോഷണം ആസൂത്രണം ചെയ്ത അലൻ പോക്സോ കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
പ്രതികളെ ഇന്നലെ മോഷണം നടത്തിയ സ്ഥലത്തും മാന്നാറിലുമെത്തിച്ച് തെളിവെടുത്തു. അപഹരിച്ച സ്വർണമാലയും കണ്ടെടുത്തു. ഇന്ന് കോടതിയിൽ ഹാജരാക്കും.തൊടുപുഴ സിഐ എസ്. മഹേഷ്കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ എൻ.എസ്. റോയി, ഗ്രേഡ് എസ്ഐ അജി, എസ്സിപിഒ രാജേഷ്, സിപിഒമാരായ സനൂപ്, മുജീബ്, രാജേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.