തൃപ്പൂണിത്തുറ: മോഷ്ടിച്ചെടുത്ത ബൈക്കിൽ കറങ്ങിനടന്ന് പ്രായമായ സ്ത്രീകളെ ആക്രമിച്ച് മാല പൊട്ടിക്കുന്ന യുവാവ് പിടിയിൽ. എരൂര്‍ സൗത്ത് മഞ്ഞലിപ്പാടം കോച്ചേരി സുജിത്തിനെ (39) യാണ് തിരുവനന്തപുരം ആണ്ടൂർ കോണത്ത് ഒളിവിൽ കഴിയവെ ഹില്‍പാലസ് പോലീസ് പിടികൂടിയത്.
താമരംകുളങ്ങരയില്‍ കഴിഞ്ഞമാസം 19ന് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന റിട്ട. ഇൻകം ടാക്സ് കമ്മീഷണർ മുത്തുലക്ഷ്മിയുടെ (73) മാല കവർന്ന കേസിൽ അന്വേഷണം നടക്കവെയാണ് പ്രതി പിടിയിലായത്.
സിഐ കെ.ജി അനീഷിന്റെ നേതൃത്വത്തിൽ പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് ആയിരത്തിൽപരം സിസിടിവി ദൃശ്യങ്ങളും ഫോൺ നമ്പറുകളും പരിശോധിച്ചാണ് പ്രതി സുജിത്താണെന്ന് തിരിച്ചറിഞ്ഞത്.
ഇയാൾക്കെതിരേ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ 42 ൽ പരം പിടിച്ചുപറി കേസുകളുണ്ട്. 2022 മാർച്ച് 30ന് തിരുവനന്തപുരം ജില്ലാ ജയിലിൽനിന്ന് പുറത്തിറങ്ങിയ പ്രതി കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തുനിന്ന് മെഡിക്കൽ കോളജ് വിദ്യാർഥിയുടെ ബൈക്ക് മോഷ്ടിച്ചാണ് തൃപ്പൂണിത്തുറയിൽ മാല പൊട്ടിച്ചത്.
ഈ ബൈക്ക് ചോറ്റാനിക്കര ക്ഷേത്രത്തിനു സമീപത്തുനിന്ന് പോലീസ് കണ്ടെടുത്തു.