കിളിമാനൂർ: തട്ടത്തുമല നെടുമ്പാറ അങ്കണവാടിക്ക് സമീപത്തുവച്ച് യുവതിയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ പ്രതികളെ കിളിമാനൂർ പോലീസ് പിടികൂടി.
കോഴിക്കോട് പുത്തൻവീട്ടിൽ അനസ് (25), അരുവിക്കര ഹസീനമൻസിലിൽ അനസ് (34) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 25നായിരുന്നു സംഭവം.
അങ്കണവാടിയിൽ നിന്നും കുട്ടിയെ വിളിക്കാൻ എത്തിയ യുവതിയുടെ സമീപം ബൈക്കിലെത്തിയ യുവാക്കൾ മാല പൊട്ടിച്ച് മടത്തറഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു.
കുറ്റകൃത്യത്തിന് ശേഷം കഴക്കൂട്ടം , പൂന്തുറഭാഗങ്ങളിൽ പലസ്ഥലങ്ങളിൽ പ്രതികൾ ഒളിവിൽകഴിഞ്ഞു വരികയായിരുന്നു.
പ്രതികളുടെ പേരിൽ പല സ്റ്റേഷനുകളിലും മൊബൈൽ മോഷണം, ബൈക്ക് മോഷണം, വ്യാജസിഡി നിർമാണം തുടങ്ങിയ ഇരുപതോളം കേസുകൾ നിലവിലുണ്ട്.
ജില്ലയിൽ നടന്ന മറ്റ് മാലപൊട്ടിക്കൽ കേസുകളിൽ പ്രതികൾക്ക് ബന്ധമുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിച്ചുവരികയാണ്.
കിളിമാനൂർ ഐഎസ്എച്ച്ഒ എസ്. സനൂജ്, എസ്ഐ വിജിത്ത് കെ. നായർ, സിപിഒമാരായ അജോ ജോർജ്, ബിനു, കിരൺ,ഷിജു,റിയാസ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജാരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.