വെള്ളറട: കുന്നത്തുകാല്‍ മാണിനാട് ഉറങ്ങിക്കിടന്ന യുവതിയുടെ മുറിയില്‍ കയറിയ കളളന് മാലപൊട്ടിച്ച് കടന്നു.
കുന്നത്തുകാല്‍ മാണിനാട് കല്ലറത്തലവീട്ടില് രഘുവരന് നായരുടെ വീട്ടിലാണ് വ്യാഴാഴ്ച രാത്രി വീടിന്റെ ജനല്‍ പൊളിച്ച് മോഷണം നടത്തിയത്. രാത്രി രണ്ടേ മുക്കാലോടെയാണ് സംഭവം.
രഘുവരന് നായരുടെ മകള്‍ ഗോകുല (19) യുടെ ഒന്നേകാല്‍ പവന്റെ സ്വര്‍ണമാലയാണ് പിടിച്ചുപറിച്ചത്. അതിനിടെ ഉറക്കമുണര്‍ന്ന യുവതിയുമായി പിടിവലി നടത്തി മാലയുടെ ലോക്കറ്റ് ഒഴിച്ചുള്ള ഭാഗം പൊട്ടിച്ചെടുത്താണ് കള്ളന് കടന്നു കളഞ്ഞത്.
പിടിവലിയില്‍ യുവതിയുടെ കൈയ്ക്ക് പരിക്കേറ്റു.കള്ളന് മുഖം തോര്‍ത്തു കൊണ്ട് മറച്ച നിലയിലായിരുന്നുവെന്ന് ഗോകുല പറഞ്ഞു.
തുടര്‍ന്ന് വീട്ടുകാര്‍ വെള്ളറട പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വെള്ളറട പോലീസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം റൂറല്‍ ബോംബ് സ്ക്വാഡും ഷാഡോ പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
പോലീസ് നായ സമീപത്തെ റോഡിലൂടെ പ്രധാന റോഡു വരെ എത്തി മടങ്ങി. സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ മൃതുല്‍കുമാര്‍, എസ്ഐ ഉണ്ണികൃഷ്ണന്, എഎസ്ഐ ശ്യാമളാദേവി, ഐശ്വര്യ, സജന്, പ്രഭുല ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.