മലപ്പുറം: മലപ്പുറത്തിനടുത്തു കൂട്ടിലങ്ങാടി ചെലൂരിൽ നവജാതശിശുവിനെ കഴുത്തറുത്തുകൊന്ന നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവ് വിളഞ്ഞിപ്പുലാൻ നബില (29)യെ റിമാൻഡ് ചെയ്തു. മലപ്പുറം മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ നബീലയെ 14 ദിവസത്തേക്കാണ് അറിമാൻഡ് ചെയ്തത്. തെളിവെടുപ്പിനായി ഇവരെ കസ്റ്റഡയിൽ വിട്ടുകിട്ടാൻ പോലീസ് ഇന്നു കത്തു നൽകും.
ഇന്നലെയാണ് കേസന്വേഷിക്കുന്ന മലപ്പുറം സിഐ എ. പ്രേംജിത്തും സംഘവും നബീലയെ അറസ്റ്റു ചെയ്തത്. പ്രസവാനന്തരം രക്തസ്രാവത്തെത്തുടർന്നു നബീല മലപ്പുറം താലൂക്കാശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഡിസ്ചാർജ് ചെയ്തതോടെ ഇവരെ കസ്റ്റഡിയിലെടുത്തു അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു. തുടർന്നു കോടതിയിൽ ഹാജരാക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ഞായാറാഴ്ചയാണ് സംഭവം. അവിഹിതഗർഭത്തെ തുടർന്നുള്ള മാനഹാനി ഭയന്നാണ് കുഞ്ഞിന്റെ കൊലപാതകത്തിലേക്കു നയിച്ചത്. കേസുമായി ബന്ധപ്പെട്ടു പിടിയിലായ മാതൃസഹോദരൻ ചെലൂർ വിളഞ്ഞിപ്പുലാൻ ശിഹാബു(26)മായി മലപ്പുറം പോലീസ് കഴിഞ്ഞദിവസം തെളിവെടുപ്പ് നടത്തിയിരുന്നു.
രണ്ടു വർഷത്തോളമായി ഭർത്താവുമായി അകന്നു കഴിയുന്ന നബീല ചെലൂരിലെ സ്വന്തം വീട്ടിലാണ് താമസം. ഗർഭണിയായതോടെ പുറംലോകമറിയാതെ കഴിയുകയായിരുന്നു. ഞായറാഴ്ച ഉച്ചക്കാണ് നബീല വീട്ടിലെ ടോയ്ലറ്റിൽ ആണ്കുഞ്ഞിനു ജൻമം നൽകിയത്.
കുഞ്ഞ് കരഞ്ഞതോടെ കുട്ടിയുടെ വായിൽ തുണിതിരുകിക്കയറ്റിയും മൂക്കു പൊത്തിപിടിച്ചും ശബ്ദമില്ലാതാക്കിയശേഷം കുഴിച്ചുമൂടാൻ സഹോദരനു കൈമാറുകയായിരുന്നു. തുടർന്നു മരണം ഉറപ്പാക്കാൻ ശിഹാബുദീൻ കുഞ്ഞിനെ കിടപ്പുമുറിയിലേക്കു കൊണ്ടുപോയി. നാലു മണിയോടെ വീട്ടിനുള്ളിൽ വച്ച് നബീലയുടെ സമ്മതത്തോടെ കുഞ്ഞിനെ ശിഹാബുദീൻ കത്തിയുപയോഗിച്ച് കഴുത്തറത്തു കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്.