മലപ്പുറം: മലപ്പുറത്ത് ഗർഭിണിയെയും ഭർത്താവിനെയും ഹർത്താലനൂകൂലികൾ ക്രൂരമായി മർദ്ദിച്ചു. ബൈക്കിൽനിന്നു പിടിച്ചിറക്കിയായിരുന്നു ആക്രമണം. പരിക്കേറ്റ നിഷയെയും ഭർത്താവ് രാജേഷിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുഖത്തും ദേഹത്തും ക്രൂരമായാണു ഹർത്താലനൂകൂലികൾ അടിച്ചത്. ബൈക്ക് തകർത്തു. ഒന്നും പറയാൻ പോലും സമ്മതിച്ചില്ല. സ്ത്രീ എന്ന പരിഗണന പോലും നൽകാതെയാണ് ആറു മാസം ഗർഭിണിയായ തന്റെ ഭാര്യയെ അക്രമിച്ചത്. ആർഎസ്എസ് പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നും ഇരുവരും മാധ്യമങ്ങളോടു പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ടു രാജേഷ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
സംസ്ഥാനത്തു ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ കെഎസ്ആര്‍ടിസി ബസുകൾക്കു നേരെ വ്യാപക ആക്രമണമാണ് ഉണ്ടായത്. കോഴിക്കോടും മലപ്പുറത്തും തിരുവനന്തപുരത്തും കെഎസ്ആര്‍ടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി.