മലപ്പുറം: തെരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ ഇടതുതരംഗത്തിൽ മുസ്്ലീം ലീഗിന് നഷ്ടമായതു നാലു സിറ്റിംഗ് സീറ്റുകൾ. ഒരെണ്ണം പിടിച്ചെടുത്തതു മാത്രമാണ് ആശ്വാസം.നേരത്തെയുണ്ടായിരുന്ന 18 സീറ്റുകളിൽനിന്ന് ഇത്തവണ മുസ്്ലിം ലീഗ് 15 എണ്ണത്തിലേക്കു ചുരുങ്ങി. മലബാർ ജില്ലകൾക്കു പുറത്തു പാർട്ടിക്കു പ്രാതിനിധ്യം നഷ്ടമാകുകയും ചെയ്തു.
11 സീറ്റും മലപ്പുറത്ത്
മലപ്പുറം ജില്ലയിലെ ആധിപത്യമാണ് ഇടതിന്റെ കനത്ത ആഘാതത്തിൽനിന്നു പാർട്ടിയെ രക്ഷിച്ചത്. ഇത്തവണ 27 സീറ്റുകളിൽ മൽസരിച്ച മുസ്്ലിം ലീഗിന് 15 എണ്ണത്തിലാണ് വിജയിക്കാനായത്. ഇതിൽ 11 എണ്ണം മലപ്പുറം ജില്ലയിലാണ്.
കണ്ണൂർ ജില്ലയിൽ ഇത്തവണ ജയിക്കാനായില്ല.
കാസറഗോഡ് രണ്ട് സീറ്റും പാലക്കാട് ജില്ലയിൽ ഒരു സീറ്റുമാണ് ഇത്തവണ ലഭിച്ചത്. സിറ്റിംഗ് സീറ്റുകളായിരുന്ന കളമശേരി, അഴീക്കോട്, കുറ്റ്യാടി, കോഴിക്കോട് സൗത്ത് എന്നിവ ഇത്തവണ നഷ്ടമായി. അതേസമയം, കൊടുവള്ളി സീറ്റ് ഇടതു മുന്നണിയിൽനിന്നു പിടിച്ചെടുക്കാനായി.
മലപ്പുറം ജില്ലയിൽ ഏറനാട്, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, കോട്ടക്കൽ, തിരൂർ, വള്ളിക്കുന്ന്, തിരൂരങ്ങാടി, കൊണ്ടോട്ടി, വേങ്ങര, മലപ്പുറം സീറ്റുകളും പാലക്കാട് ജില്ലയിലെ മണ്ണാർക്കാടും കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം, കാസർഗോഡ് മണ്ഡലങ്ങളുമാണ് നിലനിർത്താനായത്.
ഇത്തവണ ഇരുപതിലേറെ സീറ്റുകളിൽ വിജയിക്കുമെന്നാണ് പാർട്ടി നേതൃത്വം കണക്കുക്കൂട്ടിയിരുന്നത്. എന്നാൽ, ഇടതു തരംഗത്തിൽ നാലു സിറ്റിംഗ് സീറ്റുകൾ നിലനിർത്താൻ ലീഗിനായില്ല.
വോട്ടു ചോർച്ച
പാർട്ടിയുടെ മലപ്പുറം ജില്ലയിലെ കോട്ടകളിൽ കാര്യമായ വോട്ടുചോർച്ചയും ഇത്തവണയുണ്ടായിട്ടുണ്ട്. പലയിടത്തും ഭൂരിപക്ഷത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ മലപ്പുറം മണ്ഡലം നിലനിർത്താനായെങ്കിലും ഭൂരിപക്ഷത്തിൽ ഇടിവു സംഭവിച്ചു.