മലപ്പുറം: പാസ്പോർട്ട് സേവാകേന്ദ്രത്തിൽ അപേക്ഷകരെ ചൂഷണം ചെയ്ത് പണം വാങ്ങുന്നതിനെതിരെ ഒഐസിസി രംഗത്തെത്തി. സേവാകേന്ദ്രത്തിലെ അനധികൃത പണപ്പിരിവിനെതിരെ ജിദ്ദ ഒഐസിസി മലപ്പുറം മുനിസിപ്പൽ കമ്മിറ്റി അധികൃതർക്ക് നിവേദനം നൽകി.
പാസ്പോർട്ട് കേടുവരാതെ സൂക്ഷിക്കുന്നതിനുള്ള പൗച്ച്, അപേക്ഷകർക്ക് മൊബൈലിലൂടെ അറിയിപ്പുകൾ നൽകുന്നതിനുള്ള എസ്എംഎസ് എന്നിവയുടെ പേരിൽ സേവാകേന്ദ്രത്തിൽ അപേക്ഷകരിൽ നിന്നു അനധികൃതമായി പണം ഈടാക്കുന്നതായി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് യു.എം.ഹുസൈൻ, അബ്ബാസ് അലി കൊന്നോല, ഹുസൈൻ പാന്തൊടി, മുനീർ പെരിന്താറ്റീരി എന്നിവർ നൽകിയ നിവേദനത്തിൽ പറഞ്ഞു. നിവേദനം അസിസ്റ്റന്റ് പാസ്പോർട്ട് ഓഫീസർക്ക് കൈമാറി.
പണം നിർബന്ധപൂർവം വാങ്ങുന്നില്ലെന്ന് ജീവനക്കാർ പറയുന്നുണ്ടെങ്കിലും മിക്ക അപേക്ഷകരും പണം നൽകാൻ നിർബന്ധിതരാകുന്നുണ്ട്. പാസ്പോർട്ട് പൗച്ചുകൾ നിർബന്ധപൂർവം അടിച്ചേൽപ്പിക്കുകയാണ്. നാല് എസ്എംഎസിന് 45 രൂപയാണ് ഒരാളിൽ നിന്നു ഈടാക്കുന്നത്. എസ്എംഎസിന് ഒരുരൂപയിൽ താഴെ മാത്രം ചെലവുവരുന്പോഴാണ് വൻതുക ഈടാക്കുന്നത്.
പാസ്പോർട്ട് അയച്ചുകൊടുക്കുന്നതിനുള്ള പോസ്റ്റേജ് ചാർജ് 350 രൂപ ഈടാക്കുന്നുണ്ട്. ദിവസേന ആയിരത്തിലേറെ അപേക്ഷകരെത്തുന്ന മലപ്പുറം സേവാകേന്ദ്രത്തിൽ ഇത്തരത്തിൽ വൻതുകയാണ് അനധികൃതമായി ഈടാക്കുന്നത്. സേവാകേന്ദ്രത്തിന്റെ ചുമതലയുള്ള സ്വകാര്യ കന്പനിക്ക് സാന്പത്തിക ലാഭമുണ്ടാക്കാനുള്ള ചൂഷണമാണിതെന്ന് ഒഐസിസി ആരോപിച്ചു.