തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നൽകും. മലപ്പുറത്തെ സ്വർണക്കടത്തും ഹവാലക്കടത്തുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ പരമാർശങ്ങളിൽ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഗവർണർ വിശദീകരണം തേടിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തെ തുടർന്നു ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും സംസ്ഥാന പോലീസ് മേധാവി ഷെയ്ക് ദർവേഷ് സാഹിബും ഗവർണർക്കു മുന്നിൽ ഹാജരായില്ല.
എന്നാൽ ഇത് സംബന്ധിച്ച് ഗവര്‍ണര്‍ വീണ്ടും സര്‍ക്കാരിന് കത്ത് നല്‍കുമെന്നറിയുന്നു.ചട്ടപ്രകാരം ഗവർണറെ കാണാൻ ചീഫ് സെക്രട്ടറി അടക്കമുള്ളവർ പോകേണ്ടതില്ലെന്ന നിലപാടാണ് സർക്കാരിനുള്ളത്.
എന്നാൽ റൂൾസ് ഓഫ് ബിസിനസ് അനുസരിച്ച് തനിക്ക് ഇവരെ വിളിച്ചുവരുത്താൻ അധികാരമുണ്ടെന്നാണ് ഗവർണറുടെ വാദം. വിഷയം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരിക ലക്ഷ്യമിട്ടാണ് രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകാൻ ഗവർണർ ഒരുങ്ങുന്നത്.
രാജ്യദ്രോഹകുറ്റം ചുമത്താൻ കഴിയുന്ന കള്ളക്കടത്ത്, ഹവാല ഇടപാടുകൾ സംസ്ഥാനത്തു നടന്നാൽ ഭരണഘടനയുടെ 167 (ബി) വകുപ്പ് അനുസരിച്ച് സംസ്ഥാനത്തിന്റെ തലവനായ ഗവർണറെ അറിയിക്കണമെന്നാണു ചട്ടമെന്നാണ് പറയുന്നത്. ഗവർണറെ അറിയിക്കാതെ മുഖ്യമന്ത്രി പൊതുവേദിയിൽ പറഞ്ഞതിനെ തുടർന്നാണ് ഗവർണർ വിശദീകരണം തേടിയത്.