തിരുവനന്തപുരം: മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരനെ പൊതുവേദിയിൽ അധിക്ഷേപിച്ച നിലമ്പൂര്‍ എംഎല്‍എ പി.വി. അൻവറിനെതിരേ പ്രമേയം പാസാക്കി ഐപിഎസ് അസോസിയേഷൻ. പി.വി. അൻവര്‍ നടത്തിയ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ഐപിഎസ് അസോസിയേഷന്റെ പ്രമേയത്തിലെ ആവശ്യം. എംഎല്‍എക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകാനാണ് ഐപിഎസ് അസോസിയേഷന്റെ തീരുമാനം.
ഐപിഎസ് ഉദ്യോഗസ്ഥരെ പി.വി. അൻവര്‍ പൊതുവിൽ അപകീർത്തിപ്പെടുത്താനാണ് തീരുമാനിച്ചതെന്നും നിയമരാഹിത്യത്തിന്റെ ഭീതിതമായ സ്ഥിതിയാണ് എംഎല്‍എ സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു. ഇന്നലെ മലപ്പുറം എസ്പിയെ പി.വി.അന്‍വര്‍ പൊതുവേദിയില്‍ അധിക്ഷേപിച്ചത് വിവാദമായതിനു പിന്നാലെയാണ് അൻവറിനെതിരെ ഐപിഎസ് അസോസിയേഷൻ പ്രമേയം പാസാക്കിയത്.
മലപ്പുറത്ത് നടന്ന പൊലീസ് അസോസിയേഷന് ജില്ലാ സമ്മേളന വേദിയില്‍ വച്ചായിരുന്നു മലപ്പുറം എസ്പിയെ അന്‍വര്‍ അധിക്ഷേപിച്ചത്. തന്റെ പാര്‍ക്കിലെ ഒന്‍പതു ലക്ഷം രൂപ വിലയുള്ള റോപ് മോഷണം പോയി എട്ടു മാസമായിട്ടും പ്രതിയെ പിടിച്ചില്ലെന്നു പറഞ്ഞായിരുന്നു അധിക്ഷേപ പരാമര്‍ശം നടത്തിയത്.
മലപ്പുറത്ത് നടന്ന ജില്ലാ പോലീസ് അസോസിയേഷന് സമ്മേളന വേദിയിലായിരുന്നു ഭരണകക്ഷി എംഎല്‍എയുടെ അധിക്ഷേപം. പിന്നാലെ മുഖ്യപ്രഭാഷകനായി എത്തിയ എസ്പി എസ്. ശശിധരന്, താന്‍ അല്പം തിരക്കിലാണെന്നും പ്രസംഗത്തിനു പറ്റിയ മാനസികാവസ്ഥയില്‍ അല്ലെന്നും പറഞ്ഞ് ചുരുങ്ങിയ വാക്കുകളില്‍ പ്രസംഗം അവസാനിപ്പിച്ചു വേദിവിട്ടു.
ചടങ്ങില്‍ എസ്പി എത്താന്‍ വൈകിയതിനാല്‍ കാത്തിരിക്കേണ്ടി വന്നതും തന്റെ പാര്‍ക്കിലെ റോപ് മോഷണം പോയതില്‍ പ്രതിയെ പിടികൂടാത്തതിലെ പ്രതിഷേധവും എംഎല്‍എ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരേ ജനങ്ങളുടെ മനോവികാരമുണ്ടാക്കാന്‍ പോലീസില്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും എംഎല്‍എ ആരോപിച്ചിരുന്നു.