നിലന്പൂർ: നാട്ടിലേക്ക് നടന്നുപോയ അതിഥി തൊഴിലാളികളെ തിരിച്ചെത്തിച്ച് പോലീസ് നിലന്പൂർ ബസ് സ്റ്റാൻഡിന് സമീപമുള്ള കെട്ടിടത്തിലെ താമസക്കാരാണ് തങ്ങളുടെ നാട്ടിലെത്താനുള്ള ആഗ്രഹം കൊണ്ട് കാൽനടയായി നടന്നു പോയത്.
പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ബീഹാർ, ഒറീസ നിവാസികളായ 18 പേരാണ് വസ്ത്രങ്ങളും മറ്റും പാക്ക് ചെയ്ത് കാൽനടയായി നിലന്പൂർ റെയിൽവെ സ്റ്റേഷൻ പരിസരത്തേക്ക് നടന്നു പോയത്.
പീന്നീട് വനത്തിലൂടെയും മറ്റും നടന്ന് എങ്ങനെയെങ്കിലും വീടുകളിലെത്താനായിരുന്നു ലക്ഷ്യമെന്ന് ഇവർ പറഞ്ഞു.
ഇവർ നാട്ടിലേക്ക് പോകാൻ നടന്നു പോയതായ വിവരം ലഭിച്ച പോലീസ് ഇവരിൽ ഒരാളുടെ ഫോണ്‍ നന്പർ സംഘടിപ്പിച്ച് വിളിക്കുകയായിരുന്നു.
നിലവിലെ സാഹചര്യം പറഞ്ഞ് മനസിലാക്കുകയും ലോക്ഡൗണിന് ശേഷം നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. പോലീസ് ഇവരെ അനുനയിപ്പിച്ച് വീണ്ടും താമസസ്ഥലത്ത് എത്തിക്കുകയായിരുന്നു.
ലോക് ഡൗണ്‍ നീളുന്നത് അതിഥി തൊഴിലാളികളെ ആശങ്കയിലാഴ്ത്തുകയാണ്.നിലന്പൂർ നഗരസഭ പരിധിയിൽ 700 ഓളം അതിഥി തൊഴിലാളികളാണുള്ളത്.
ഇവർക്ക് നിലന്പൂർ നഗരസഭയും ജനമൈത്രി പോലീസും റവന്യൂ വകുപ്പും ചേർന്ന് ഭക്ഷണ കിറ്റുകൾ ഉൾപ്പെടെ എല്ലാം കൃത്യമായി എത്തിച്ച് നൽകുന്നുണ്ട്.