കുറച്ചുദിവസമായി സോഷ്യല്‍മീഡിയയില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. ഒരു സ്ത്രീയും അര്‍ധനഗ്നരായ രണ്ടു പുരുഷന്മാരും ഒരു ബോട്ടില്‍ യാത്ര ചെയ്യുന്നതാണ് ചിത്രം. ഈ ചിത്രത്തിനൊപ്പം മറ്റൊരു സ്ത്രീയുടെ കുറെ നഗ്നചിത്രങ്ങളും. ബാക്കി ചേരുംപടി ചേര്‍ക്കലെല്ലാം സമൂഹമാധ്യമങ്ങള്‍ ഔചിത്യത്തിന് അനുസരിച്ച് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു… ‘മലപ്പുറം മമ്പാട് പഞ്ചായത്തിന്റെ വികസന ചര്‍ച്ച ഹൗസ് ബോട്ടിനുളളില്‍’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പ്രചരിക്കുന്നത്. ഈ ചിത്രം അറിഞ്ഞോ അറിയാതെയോ പ്രചരിപ്പിച്ചു പലരും. എന്നാല്‍ ഒരു സ്ത്രീയുടെ ജീവിതം തന്നെ വറചട്ടിയിലാക്കി ആ ചിത്രം.
മമ്പാട് പഞ്ചായത്ത് പ്രസിഡന്റ് കണ്ണിയന്‍ റുഖിയയാണ് ആ സ്ത്രീ. ഇനി ആ ചിത്രത്തിന്റെ കഥ കൂടി വായനക്കാര്‍ വായിക്കണം. ആ സംഭവം ഇങ്ങനെ- ഈ മാസം ഏഴിനാണ് കയര്‍ കേരള പദ്ധതിയുടെ ഭാഗമായി പ്രസിഡന്റ് കണ്ണിയന്‍ റുഖിയയും വൈസ് പ്രസിഡന്റ് പന്താര്‍ മുഹമ്മദും നാല് അംഗങ്ങളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ആലപ്പുഴയിലെത്തിയത്. പരിപാടി കഴിഞ്ഞപ്പോള്‍ പുന്നമടക്കായലില്‍ ഒരു ബോട്ടുയാത്ര നടത്തണമെന്ന അഭിപ്രായം വന്നു. മലപ്പുറത്ത് നിന്ന് ആലപ്പുഴയിലെത്തിയ അംഗങ്ങളെല്ലാം പിന്തുണച്ചു. ഒരു ഹൗസ്‌ബോട്ട് സംഘടിപ്പിച്ച് യാത്ര നടത്തി.
യാത്രക്കിടെ പഞ്ചായത്ത് വൈസ്പ്രസിഡന്റ് പന്താര്‍ മുഹമ്മദ് ബോട്ടോടിക്കുന്ന ഒരു ചിത്രമെടുത്തു. ഈ ചിത്രത്തില്‍ റുഖിയയും മറ്റൊരു പുരുഷ അംഗവുമുണ്ട്. ഈ ഫോട്ടോ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പന്താര്‍ മുഹമ്മദ് ചില ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്തു. പ്രസിഡന്റ് കണ്ണിയന്‍ റുഖിയയുടെ ഈ ചിത്രത്തിനൊപ്പം മറ്റൊരു സ്ത്രീയുടെ നഗ്‌നചിത്രങ്ങള്‍ കൂടി ചേര്‍ത്തു വച്ചാണ് പ്രചാരണം. തട്ടമിട്ട സ്ത്രീയുടെ നഗ്‌നചിത്രങ്ങള്‍ റുഖിയയുടേതാണന്ന് തെറ്റിധരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തം. എന്തായാലും ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരേ പോലീസില്‍ പരാതി നല്കി കാത്തിരിക്കുകയാണ് ഇൗ വനിത.