ഇരിങ്ങാലക്കുട:മഴയെത്തുംമുന്പേ ഇരിങ്ങാല ക്കുടയിലും പരിസര പ്രദേശങ്ങളിലും പകർച്ചപനി എത്തി. പനി ബാധിച്ച ഒരാൾക്ക് മലേറിയ സ്ഥിരീകരിച്ചു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ അന്യസംസ്ഥാന തൊഴിലാളിയായ യുവാവിന്റെ രക്തം പരിശോധിച്ചതിന്റെ ഫലം പുറത്തുവന്നപ്പോഴാണ് മലേറിയ ബാധിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയത്.
യുപി സ്വദേശിയായ രാജു (20) വിനാണ് മലേറിയ പിടിപ്പെട്ടിരിക്കുന്നത്. വെളയനാട് ജംഗ്ഷനു സമീപം പ്രവർത്തിക്കുന്ന കന്പനിയിലെ തൊഴിലാളിയാണു രാജു. രാജുവിനു പുറമെ 15 ഓളം അന്യസംസ്ഥാന തൊഴിലാളികൾ ഈ ഫാക്ടറിയിൽ ജോലി ചെയ്യുന്നുണ്ട്.
ഈ കന്പനിക്കു നൂറു മീറ്റർ ചുറ്റളവിലാണ് ഇരിങ്ങാലക്കുടയിലും വെള്ളാങ്കല്ലൂരും പ്രവർത്തിക്കുന്ന പ്രമുഖ ഹോട്ടലിലേക്കുള്ള ഭക്ഷണ പാചക യൂണിറ്റ്, ഒൗഷധ നിർമാണ കന്പനി, വസ്ത്ര നിർമാണ കന്പനി എന്നിവ പ്രവർത്തിക്കുന്നത്. ഇവിടങ്ങളിലായി 70 ഓളം അന്യസംസ്ഥാന തൊഴിലാളികളാണു പണിയെടുക്കുന്നത്.
മലേറിയ സ്ഥിരീകരിച്ചതോടെ പ്രതിരോധ മരുന്നു നൽകിയെങ്കിലും ഫാക്ടറിക്കു സമീപം തന്നെയുള്ള മുറിയിൽ തന്നെയാണ് രോഗിയെ പരിചരിക്കുന്നത്. ഇതു മറ്റു തൊഴിലാളികൾക്ക് രോഗം പടരുമോ എന്ന ആശങ്കയുമുണ്ട്. ഫാക്ടറിക്കു സമീപമുള്ള നാട്ടുകാരിൽ ഈ രോഗം പടരുമോ എന്നും ഭീതിയുണ്ട്.
വേളൂക്കര പഞ്ചായത്തിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ ഇന്നലെ ഫാക്ടറിയിലെത്തി പരിശോധന നടത്തുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു. ഇന്ന് ഈ ഫാക്ടറിയിലെ എല്ലാ തൊഴിലാളികളുടെയും രക്തപരിശോധന നടത്തുന്നുണ്ട്. 21 ദിവസത്തിനുള്ളിൽ പരിസരവാസികളടക്കമുള്ളവരുടെ രക്തസാന്പിളകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കും.
ഇന്നുമുതൽ രോഗബാധിതനായ തൊഴിലാളിക്ക് ആശാ വർക്കറുടെ സഹായവും ലഭ്യമാക്കും. ഇയാളൊടൊപ്പം പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് പനിയുടെ ലക്ഷണങ്ങളുണ്ട്. വൃത്തിഹീനമായ സാഹചര്യത്തിൽ താമസിക്കുന്നവർക്കാണു മലേറിയ പിടിപ്പെടുവാനുള്ള പ്രധാന കാരണമെങ്കിലും ഈ യുവാവിന് എങ്ങനെയാണ് രോഗം ബാധിച്ചതെന്ന് ഇതുവരെയും വ്യക്തമല്ല.