കോട്ടയം: മലരിക്കൽ ആന്പൽ ഫെസ്റ്റ് കാണാൻ പൊതുജനങ്ങളിൽനിന്നും സിപിഎം നേതാക്കൾ നോക്ക് കൂലി ഈടാക്കുന്ന സംഭവം വിവാദമായതോടെ ടൂറിസം വകുപ്പ്് അന്വേഷണം ആരംഭിച്ചു. ഇതോടെ സിപിഎം നേതൃത്വവും രണ്ടു തട്ടിലായാതായിട്ടാണ് വിവരം.
ജില്ലയിലെ ഒരു പ്രമുഖ സിപിഎം നേതാവിന്റെ നേതൃത്വത്തിലുള്ള മലരിക്കൽ ടൂറിസം സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിൽ, പഞ്ചായത്ത്, പാടശേഖര സമിതികളും ചേർന്നു സർക്കാരും ടൂറിസം വകുപ്പും അറിയാതെ ഗ്രാമീണ ടൂറിസം കാണുന്നതിനു ഫീസ് ഏർപ്പെടുത്തിയ നടപടിക്കെതിരെയാണ് അന്വേഷണം നടക്കുന്നത്.
സംഭവം വിവാദമാവുകയും പ്രതിഷേധം ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ട് വിശദമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ ടൂറിസം വകുപ്പ് അധികൃതരോട് നിർദേശിച്ചത്. ഇതനുസരിച്ച് ടൂറിസം വകുപ്പ് അധികൃതർ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
സിപിഎമ്മിൽ ഭിന്നത
മലരിക്കൽ ടൂറിസം സൊസൈറ്റി പണം ഈടാക്കുന്ന സംഭവത്തിൽ പ്രാദേശിക സിപിഎം നേതൃത്വത്തിലും കടുത്ത ഭിന്നത രൂപപ്പെട്ടിട്ടുണ്ട്. ഈ സംഭവത്തിൽ ജില്ലാ സിപിഎം നേതൃത്വവും അന്വേഷണം നടത്തുന്നുണ്ട്.
മലരിക്കൽ ടൂറിസത്തിന്റെ പേരിൽ ഒരു വിഭാഗം നേതാക്കൾ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരേ സിപിഎം ജില്ലാ നേതൃത്വം കടുത്ത പ്രതിഷേധത്തിലാണ്. പ്രദേശത്താകെ ഫീസ് ഈടാക്കുന്നതിനെതിരെ കടുത്ത അമർഷമാണ് ഉണ്ടായിരിക്കുന്നത്.
ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിൽ സംഭവത്തിൽ അനാവശ്യ ഇടപെടൽ നടത്തുന്നതിനെതിരെയും ശക്തമായ പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്നും ഉയർന്നിരിക്കുന്നത്. ടൂറിസം വകുപ്പ് അറിയാതെ ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിലിനു ഇത്തരത്തിൽ പണപ്പിരിവ് നടത്താനോ ടൂറിസം മേള നടത്താനോ അധികാരമില്ല.
ഇതു സംബന്ധിച്ചു ടൂറിസം പ്രമോഷൻ കൗണ്സിലിന്റെ എല്ലാ ഫയലുകളും പരിശോധിക്കാനാണ് ടൂറിസം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
30രൂപ 20രൂപയായി കുറച്ചു
ഫെസ്റ്റ് കാണുന്നതിനു പൊതു ജനങ്ങളിൽ നിന്നും ആദ്യം 30 രൂപയാണ് ഈടാക്കിയിരുന്നത്. സംഭവം വിവാദമായതോടെ അതു 20 രൂപയായി കുറച്ചിരുന്നു. വള്ളത്തിൽ കയറി ആന്പലുകൾക്കിടയിലൂടെ കാഴ്ച കാണാൻ ഒരാൾ നൂറു രൂപ നൽകണം.
വള്ളത്തിന്റെ ചാർജിനു പുറമേ സ്റ്റിൽ ഫോട്ടോഗ്രാഫിക്ക് 500 രൂപയും ഹെലികാം പറത്തുന്നതിനും 2000 രൂപയും കൊമേഴ്സ്യൽ ഫോട്ടോഗ്രാഫിക്ക് 1000 രൂപയുമാണ് സിപിഎം സൊസൈറ്റി ഈടാക്കുന്നത്.
മലരിക്കൽ ആന്പൽ ഫെസ്റ്റിലേക്ക് സഞ്ചാരികളെ എത്തിക്കുന്നതിനും കാഴ്ചകാണാൻ അവസരം ഒരുക്കുന്നതിനുമാണു മലരിക്കൽ ടൂറിസം സൊസൈറ്റി എന്ന പേരിൽ പ്രദേശവാസികളെ ഉൾപ്പെടുത്തിയാണ് സഘം രൂപീകരിച്ചത്.
സൊസൈറ്റിക്ക് ഒപ്പം തിരുവാർപ്പ് പഞ്ചായത്തും ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിലും. പാടശേഖര സമിതികളും ആന്പൽ ഫെസ്റ്റിൽ സഹകരിക്കുകയാണ് ചെയ്യുന്നത്.