കുമരകം: പ്രവേശന ഫീസില്ലാതെ തിരുവാർപ്പ് മലരിക്കലിൽ ആന്പൽ വസന്തം കണ്ട് സന്ദർശകർ മടങ്ങുന്നു. ഇന്നലെ ചേർന്ന മലരിക്കൽ ടൂറിസം സൊസൈറ്റിയുടെ യോഗമാണ് ഇന്നു മുതൽ ഫീസ് വാങ്ങേണ്ടെന്ന് തീരുമാനിച്ചത്. ഇതു സംബന്ധിച്ചു വ്യാപക വിമർശനമുണ്ടായതിനെ തുടർന്നാണ് തീരുമാനം.
പാടത്ത് സ്വയം വളരുന്ന ആന്പലിന്റെ പൂക്കൾ കാണാൻ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാതെ ഫീസ് ഈടാക്കുന്നു എന്നതായിരിന്നു പരാതി. പാർക്കിംഗിനും വീഡിയോഗ്രാഫിക്കും തോന്നുംപടി ഫീസ് വാങ്ങിയിരുന്നതും പ്രതിഷേധത്തിനു കാരണമായി.
പഞ്ചായത്തും ഡിടിപിസിയും പാടശേഖര സമിതികളും ചേർന്നു സംയുക്തമായാണ് ഫീസ് നിരക്ക് നിശ്ചയിച്ചിരുന്നത്. പ്രവേശന ഫീസായിരുന്ന 30 രൂപയിൽനിന്നും 20 രൂപ കർഷകർക്ക് നൽകാനായിരുന്നു ധാരണ.
പാർക്കിഗ് ഫീസും പ്രവേശന ഫീസും ഒഴിവാക്കിയെങ്കിലും വള്ളത്തിൽ യാത്രചെയ്തു സന്ദർശനം നടത്തുന്നതിന് ഏർപ്പെടുത്തിയിരുന്ന ഒരാൾക്ക് 100 രൂപ എന്നുള്ള ഫീസ് തുടരുന്നുണ്ട്.
പുഞ്ചകൃഷിക്കായി തിരുവായ്ക്കരി പാടത്ത് ഈയാഴ്ച്ച മുതൽ വെള്ളം വറ്റിച്ചു തുടങ്ങുമെന്ന് പാട ശേഖര സമതി പ്രസിഡന്റ് കെ.കെ. അനിരുദ്ധൻ പറഞ്ഞു. വെള്ളം വറ്റിക്കുന്നതോടെ ആന്പൽ കാഴ്ചകൾ വിസ്മൃതിയിലാകും.