കിലോമീറ്ററുകള് നീണ്ടുപരന്നു കിടക്കുന്ന ഏക്കറുകണക്കിനു നെല്പാടം. ഈ പാടങ്ങളെ മുഴുവന് പര്പിള് പട്ടണിയിച്ച് ആമ്പല്പൂക്കള് പൂത്തുലഞ്ഞപ്പോള് മിഴി തുറന്നതു വിസ്മയക്കാഴ്ച. ഇന്ന് ഈ വിസ്മയക്കാഴ്ച കാണാന് മലരിക്കല് എന്ന കൊച്ചു ഗ്രാമത്തിലേക്ക് ഒഴുകിയെത്തുകയാണ് കേരളക്കരയൊട്ടാകെ.
എല്ലാ വര്ഷവും ആമ്പല് പൂക്കള് വിരിയുന്നുണ്ടെങ്കിലും 2018ല് വില്ലേജ് ടൂറിസം പദ്ധതിയുടെ ഭാഗമായി മലരിക്കലിനെ തെരഞ്ഞെടുത്തതോടെയാണ് ഈ കൊച്ചുഗ്രാമം ശ്രദ്ധയാകര്ഷിച്ചു തുടങ്ങിയത്.
കോട്ടയംകാരുടെ ഫെയ്സ്ബുക്കിലും മറ്റു സമൂഹ മാധ്യമങ്ങളിലും പ്രൊഫൈല് പിക് ആയി ആമ്പല്പൂക്കള് ഇടംപിടിച്ചപ്പോഴാണ് മലരിക്കല് വീണ്ടും ആമ്പല് പൂവിന്റെ വസന്തഭൂമിയായി മാറിയതു നാട്ടുകാര് അറിഞ്ഞതും.
ഇന്ന് ഇവിടേക്ക് അക്ഷരാര്ഥത്തില് ജനപ്രവാഹം തന്നെയാണ്. മറ്റ് സ്ഥലങ്ങളേ അപേകഷിച്ച് അതിരാവിലെയാണ് ഇവിടെ വിനോദ സഞ്ചാരികളുടെ ഏറ്റവും വലിയ തിരക്ക്. ഇതിനു കാരണം മറ്റൊന്നുമല്ല.
അതിരാവിലെ പൂത്തുലഞ്ഞു നില്ക്കുന്ന ആമ്പല്പൂവുകള് 10, 11 മണിയോടെ കൂമ്പിത്തുടങ്ങും. അതു കൊണ്ടു തന്നെ ഈ മനോഹരദൃശ്യം കാണാനെത്തുന്നവര് അതിരാവിലെ എത്താന് ശ്രദ്ധിക്കണം.
കോട്ടയത്തു നിന്നും കുമരകം റൂട്ടിലൂടെ കാഞ്ഞിരം ബോട്ട് ജെട്ടി കടന്ന് ഏതാനും മിനിറ്റുകള്കൊണ്ട് മലരിക്കലെത്തിച്ചേരാം. തിരുവാര്പ് പഞ്ചായത്തിന്റെ കീഴിലുള്ള ഈ കൊച്ചു ഗ്രാമം ഇന്ന് കോട്ടയത്തെ തന്നെ ഏറ്റവും മികച്ച വില്ലേജ് ടൂറിസം പദ്ധതികളിലൊന്നാണ്.
സദാസമയവും വീശിയടിക്കുന്ന കാറ്റും പഞ്ചപട്ടു വിരിച്ചു നില്ക്കുന്ന നെല്പാടങ്ങളും മലരിക്കലിനെ മികച്ചൊരു വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നു. നാലു മണിക്കാറ്റ് പോലെ വികസനത്തിന്റെ പാതയിലാണ് മലരിക്കല് ഇപ്പോള്.
ഏക്കറു കണക്കിന് പരന്നുകിടക്കുന്ന ഈ ആമ്പല് പാടം ത്ലാമഴ കഴിഞ്ഞു നെല്കൃഷി തുടങ്ങുന്നതോടെ അപ്രത്യക്ഷമാകും. അതിനാല് മലരിക്കല് കാണാനാഗ്രഹിക്കുന്നവര് അടുത്ത ദിവസങ്ങളില് തന്നെ വന്നു കാണുക. അതും കഴിവതും രാവിലെതന്നെ.