കോട്ടയം: ഗ്രാമീണ ടൂറിസത്തിന്റെ ഏറ്റവും സുന്ദരകേന്ദ്രമായ മലരിക്കലിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. തിരുവാര്പ്പ് പഞ്ചായത്തിലെ മലരിക്കലിലെ ആമ്പല്വസന്തം തദ്ദേശീയ ടൂറിസം വരുമാനത്തിന്റെ പുത്തന് മാതൃകയായിരിക്കുകയാണ്. കഴിഞ്ഞ വര്ഷം മൂന്നു മാസംകൊണ്ടു 1.5 കോടി രൂപ വരുമാനമാണ് ലഭിച്ചത്. നെല്പ്പാടത്തെ കളയായ ആമ്പല് മലരിക്കല് നിവാസികള്ക്ക് വരുമാനത്തിന്റെയും വിളയായി മാറിയിരിക്കുകയാണ്. ശനി, ഞായര് ദിവസങ്ങളിലും അവധി ദിനങ്ങളിലുമാണ് തിരക്കേറെ.
1850 ഏക്കര് വരുന്ന ജെ ബ്ലോക്ക് ഒമ്പതിനായിരം പാടത്തും 650 ഏക്കര് വരുന്ന തിരുവായ്ക്കരി പാടത്തുമുള്ള ആമ്പല് വസന്തം മീനച്ചിലാര് -മീനന്തറയാര്- കൊടൂരാര് നദീപുനര്സംയോജന പദ്ധതിയുടെ ഭാഗമായുള്ള ജനകീയ കൂട്ടായ്മയാണ് മലരിക്കല് ആമ്പല് ഫെസ്റ്റ് എന്ന പേരില് പൂക്കളുടെ ഉത്സവം വരുമാനമാര്ഗമാക്കി മാറ്റിയത്.
രാവിലെ ആറു മുതല് 10 വരെയാണ് മലരിക്കലില് ആളുകള് എത്തുന്നത്. ഏഴു മുതല് ഒമ്പതു വരെയാണ് കാഴ്ചയ്ക്ക് ഏറ്റവും നല്ലത്. 10നു ശേഷം പൂക്കള് വാടും.
നെല്കൃഷി വര്ഷങ്ങളായിചെയ്തു വരുന്ന ഈ പാടങ്ങളില് കൊയ്ത്തിനു ശേഷം ജൂലൈ മുതല് സെപ്റ്റംബര്വരെ മൂന്നു മാസക്കാലം വെള്ളം കയറ്റിയിടും. ഈ സമയത്താണ് ആമ്പലുകള് മുളയെടുത്തു പുഷ്പിക്കുന്നത്. രാത്രിയില് വിടരുന്ന പൂക്കള് രാവിലെ ഒമ്പതോടെ കൂമ്പിത്തുടങ്ങും. മൂന്നു മാസക്കാലം കഴിയുമ്പോള് കര്ഷകര് അടുത്ത കൃഷിക്കായി പൂക്കള് മരുന്നടിച്ച് നശിപ്പിക്കുകയും നിലം ഉഴുതുമറിക്കുകയും ചെയ്യുമെങ്കിലും അടുത്ത വര്ഷവും ഇതേ സമയം വീണ്ടും ആമ്പലുകള് കിളിർത്ത് പൂക്കും.
വരുമാനം വരുന്ന വഴി
സഞ്ചാരികള്ക്ക് ആമ്പല്പ്പൂക്കൾ തൊട്ടടുത്തു കാണുന്നതിനായി വള്ളത്തില് കയറി പാടങ്ങള് മുഴുവനായി ചുറ്റിക്കാണാന് പറ്റും. ഒരു മണിക്കൂറിന് ഒരാള്ക്ക് 100 രൂപയാണ് ഫീസ്. നാട്ടുകാരുടെ 120 വള്ളങ്ങളാണ് ഇങ്ങനെ രജിസ്റ്റര് ചെയ്ത് സവാരിക്കായി തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്ഷം 50,000 രൂപ മുതല് ഒരു ലക്ഷം രൂപവരെ ലഭിച്ച വള്ളക്കാരുണ്ട്.
വിദൂര സ്ഥലങ്ങളില്നിന്നും മറ്റും ധാരാളം ആളുകളാണ് ദിവസവും എത്തിയിരുന്നത്. ഇടുങ്ങിയ വഴികളുള്ള ഇവിടെ വാഹനങ്ങൾ പാര്ക്ക് ചെയ്യുന്നത് പ്രദേശത്തെ കര്ഷകരുടെ വീട്ടുമുറ്റത്തു തന്നെയായിരുന്നു. ഇതിനു വീട്ടുകാര് 30 രൂപ പാര്ക്കിംഗ് ഫീസും വാങ്ങുന്നു. പാര്ക്കിംഗ് ഫീസ് ഇനത്തില് തദ്ദേശീയര്ക്ക് നല്ലൊരു വരുമാനം ലഭിക്കും. കൂടാതെ ഹോം സ്റ്റേ സൗകര്യവും ഒരുക്കിയിരുന്നു.
കാണാനെത്തുന്നവര് പൂക്കള് പറിച്ചു കൊണ്ടുപോകുന്നതിനു പരിഹാരമായി പൂക്കള് തലേദിവസം പറിച്ചെടുത്ത് കര്ഷക കുടുംബങ്ങളിലെ വനിതകളുടെ കൂട്ടായ്മയെ ഏല്പ്പിച്ചു. നിശ്ചിത തുകയ്ക്ക് പൂക്കള് ആവശ്യക്കാര്ക്ക് ഇവര് വില്ക്കും. ഇതുമൂലം തദ്ദേശീയരായ വീട്ടമ്മമാര്ക്ക് വരുമാന മാര്ഗവുമായി. 30 രൂപയാണ് ഒരുകെട്ട് ആമ്പല്പ്പൂവിന് ഈടാക്കുന്നത്.
തദ്ദേശീയരായ ആളുകളുടെ നേതൃത്വത്തില് നാടന് ഭക്ഷണശാല, കാപ്പിയും ചെറുകടികളും കിട്ടുന്ന കടകള് തുടങ്ങിയവയും പ്രവര്ത്തിക്കുന്നു. ഇവര്ക്കും നല്ല രീതിയിലുള്ള കച്ചവടമാണ് ലഭിക്കുന്നത്. ഓട്ടോറിക്ഷക്കാര്ക്കും നല്ല വരുമാനമുണ്ട്.
സോഷ്യല് മീഡിയയില് ആമ്പല് വസന്തം വൈറലായതോടെ ധാരാളം യൂട്യൂബര്മാരും വ്ലോഗര്മാരുമാണ് വീഡിയോ ഷൂട്ടിനായി എത്തുന്നത്. ഫാഷന്, വിവാഹം, സേവ് ദ ഡേറ്റ്, എന്തിന് ബേബി ഷവര് ഫോട്ടോ ഷൂട്ടിനുവരെ മലരിക്കൽ ആമ്പല് പ്പാടം വേദിയാകുന്നു.
മലരിക്കലില് എങ്ങനെ എത്താം
കോട്ടയം, കുമരകം ഭാഗങ്ങളില് നിന്നും വരുമ്പോള് ഇല്ലിക്കല് കവലയില് നിന്നും തിരുവാര്പ്പ് റോഡിലേക്ക് തിരിയുക. കാഞ്ഞിരം ജംഗ്ഷനില് എത്തി അവിടെനിന്നും ഇടത്തോട്ടു തിരിഞ്ഞ് കാഞ്ഞിരം റോഡുവഴി മലരിക്കലിലെത്താം.