കോട്ടയം: ഗ്രാമീണ ടൂറിസത്തിന്റെ ഏറ്റവും സുന്ദരമായ മലരിക്കലിലേക്കു സഞ്ചാരികളുടെ ഒഴുക്ക്. തിരുവാര്‍പ്പ് പഞ്ചായത്തിലെ മലരിക്കലിലെ ആമ്പല്‍വസന്തം തദ്ദേശീയ ടൂറിസം വരുമാനത്തിന്റെ പുത്തന്‍ മാതൃകയായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മൂന്നു മാസം കൊണ്ട് 1.5 കോടി രൂപ വരുമാനമാണു ലഭിച്ചത്. ശനി, ഞായര്‍ ദിവസങ്ങളിലും അവധി ദിനങ്ങളിലുമാണു സഞ്ചാരികൾ കൂടുതലായും എത്തുന്നത്.
ഈ വര്‍ഷത്തെ ആമ്പല്‍ വസന്തത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ എട്ടിനു മലരിക്കലില്‍ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ നിര്‍വഹിക്കും. തിരുവാര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് അജയന് കെ.മേനോന് അധ്യക്ഷത വഹിക്കും. മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍ സംയോജന പദ്ധതി കോ ഓര്‍ഡിനേറ്റര്‍ കെ. അനില്‍കുമാര്‍, മലരിക്കല്‍ ടൂറിസം സൊസൈറ്റി ഭാരവാഹി വി.കെ. ഷാജിമോന്‍ എന്നിവര്‍ പ്രസംഗിക്കും.
1850 ഏക്കര്‍ വരുന്ന ജെ ബ്ലോക്ക് ഒമ്പതിനായിരം പാടത്തും 650 ഏക്കര്‍ വരുന്ന തിരുവായ്ക്കരി പാടത്തുമുള്ള ആമ്പല്‍ വസന്തം. രാവിലെ ആറു മുതല്‍ 10 വരെയാണ് മലരിക്കലില്‍ ആളുകള്‍ എത്തുന്നത്. ഏഴു മുതല്‍ ഒമ്പതു വരെയാണ് കാഴ്ചയ്ക്ക് ഏറ്റവും നല്ലത്. 10നു ശേഷം പൂക്കള്‍ വാടും. വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്യുന്ന പാടങ്ങളില്‍ കൊയ്ത്തിനു ശേഷം ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ മൂന്നു മാസക്കാലം വെള്ളം കയറ്റിയിടും. ഈ സമയത്താണ് ആമ്പലുകള്‍ മുളയെടുത്തു പുഷ്പിക്കുന്നത്.
എങ്ങനെ എത്താം
കോട്ടയം, കുമരകം ഭാഗങ്ങളില്‍നിന്നു വരുമ്പോള്‍ ഇല്ലിക്കല്‍ കവലയില്‍ നിന്നും തിരുവാര്‍പ്പ് റോഡിലേക്കു തിരിയുക. കാഞ്ഞിരം ജംഗ്ഷനില്‍ എത്തി അവിടെ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് കാഞ്ഞിരം റോഡു വഴി മലരിക്കലിലെത്താം.