കോട്ടയം: പച്ചവിരിച്ച പാടങ്ങളുടെ ഓരത്തു കൂടിയുള്ള പാത. പാതയോരത്തുനിന്ന് നോക്കിയാൽ അങ്ങ് വേന്പനാട്ട് കായൽ വരെ നീളുന്ന പാടം. അസ്തമയ സൂര്യന്റെ മനോഹര കാഴ്ച. ഇതൊക്കെ കണ്കുളിർക്കെ കാണാൻ ഇതാ അവസരം. കോട്ടയം ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ തിരുവാർപ്പ് പഞ്ചായത്തിലെ ജെ ബ്ലോക്ക് തൊള്ളായിരത്തിന്റെ തീരത്ത് നടന്നു വരുന്ന പുതിയ വയലോര -കായലോര ടൂറിസം ഫെസ്റ്റിൽ തിരക്കേറി. ഫെസ്റ്റ് നാളെ സമാപിക്കും.
കാഞ്ഞിരം-മലരിക്കൽ റോഡിൽ ഇന്നലെ വൈകുന്നേരം നാലു മണിക്കു തന്നെ തിരക്കു തുടങ്ങി. കായലിൽ നിന്നുള്ള കുളിർ കാറ്റു കൊള്ളാൻ പാതയോരത്ത് പ്രത്യേകം തയാറാക്കിയ മുള കൊണ്ടുള്ള ബഞ്ചിൽ ഇരിക്കാം. കുടുംബശ്രീയും മറ്റ് വീട്ടുകാരും തയാറാക്കിയ നാടൻ ഭക്ഷണം , അതും ചൂടാറാതെ കഴിക്കാം. ഇന്നലെ കപ്പയും ചപ്പാത്തിയും കള്ളപ്പവുമൊക്കെ ചൂടപ്പം പോലെ വിറ്റുപോയി. നാടൻ താറാവും കോഴിയും നല്ല മത്സ്യവുമൊക്കെയായിരുന്നു കൂട്ടാനുണ്ടായിരുന്നത്.
ഇതിനിടെ വീട്ടുകാർ വീട്ടിൽ തയാറാക്കി കൊണ്ടുവന്ന ഏത്തയ്ക്ക അപ്പവും വട്ടയപ്പവും അവലോസുണ്ടയും മറ്റും വാങ്ങാൻ ആവശ്യക്കാരേറെയായിരുന്നു. എല്ലാ ദിവസവും ഇവിടെ കലാപരിപാടികളും ഉണ്ട്. ഇന്നലെ കുമരകം നാട്ടുകൂട്ടത്തിന്റെ നാടൻപാട്ടാണ് അരങ്ങേറിയത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ആളുകൾ പുതിയ ടൂറിസം ആസ്വദിക്കാൻ എത്തിയിരുന്നു. കാഞ്ഞിരം പാലവും മലരിക്കൽ റോഡും പൂർത്തിയായപ്പോൾ അത് ഒരു നാടിന്റെ സർവതോന്മുഖമായ വികസനത്തിന് വഴിയൊരുക്കി.
മാലിന്യം ഒരു തരിപോലും അവിടെ ഉണ്ടാവാതിരിക്കാൻ സംഘാടകർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പഞ്ചായത്ത് മെന്പറും സംഘാടക സമിതി അംഗവുമായി പി.എം.മണി ഇടയ്ക്ക് മൈക്കിലൂടെ ഇക്കാര്യം അറിയിക്കുന്നുണ്ടായിരുന്നു. തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജെസി നൈനാൻ, വാർഡ് മെന്പർ ഷെർളി പ്രസാദ് എന്നിവർ മുഴുവൻ സമയവും അവിടെ നിന്ന് എല്ലാ കാര്യങ്ങൾക്കും നേതൃത്വം വഹിച്ചു.
മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനർസംയോജന പദ്ധതി ജനകീയ കൂട്ടായ്മ, തിരുവാർപ്പ് പഞ്ചായത്ത്, കോട്ടയം സഹകരണ അർബൻ ബാങ്ക്, സർവീസ് സഹകരണ ബാങ്കുകൾ, ജെ ബ്ലോക്ക് പാടശേഖര സമിതി, തിരുവാർപ്പ് ഉൾനാടൻ മത്സ്യതൊഴിലാളി സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഫെസ്്റ്റ് സംഘടിപ്പിക്കുന്നത്.