കോട്ടയം: സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ലോകത്തിനുതന്നെ മാതൃകയാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. നബാർഡിന്റെ സഹായത്തോടെ അഞ്ചു കോടി രൂപ മുടക്കി നവീകരിക്കുന്ന കാഞ്ഞിരം- മലരിക്കൽ റോഡിന്റെ നിർമാണോദ്ഘാടനം ഓൺലൈൻ ആയി നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
കാഞ്ഞിരം മലരിക്കൽ റോഡ് യാഥാർഥ്യമാകുമ്പോൾ ടൂറിസത്തിന്റെ അനന്ത സാധ്യതകൾ തുറക്കുമെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച് മന്ത്രി വി.എൻ വാസവൻ പറഞ്ഞു.
തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ പ്രധാന പാതകളെല്ലാം ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമിക്കാൻ സാധിച്ചെന്നും , പഞ്ചായത്ത് റോഡുകൾ മാത്രമാണ് ഇനി ഈ നിലവാരത്തിൽ പൂർത്തീകരിക്കാൻ ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു
സംസ്ഥാന ത്രോബോൾ ടീമിലേക്ക് സെലക്ഷൻ കിട്ടിയ കാഞ്ഞിരം എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ വി.എം ഹർദ്ദീൻ അഹമ്മദ് ,ആൽബിൻ ജെയിംസ്, ആസിഫ് നവാസ്, എം.ആർ വസുദേവ് , സംസ്ഥാന ടെന്നിക്കോട്ട് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ഹരി കൃഷ്ണൻ എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു
തോമസ് ചാഴികാടൻ എം.പി , തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അജയൻ കെ.മേനോൻ ,രശ്മി പ്രസാദ്, സി.ടി രാജേഷ്, കെ.ആർ അജയ്, എ.എം ബിന്നു, ഒ.എസ് അനീഷ് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.