കോട്ടയം: മലരിക്കൽ ഗ്രാമീണ ടൂറിസം കേന്ദ്രം വീണ്ടും ജനങ്ങളുടെ ശ്രദ്ധാ കേന്ദ്രമാകുന്നു. ഇക്കുറി കാഴ്ചയുടെ വിരുന്നൊരുക്കുന്നത് ‘ചന്ദ്രോത്സവം’ എന്ന പരിപാടിയാണ്. നൂറ്റാണ്ടിലെ അപൂർവമായ സൂപ്പർ റെഡ്മൂണ്‍ നേരിൽകണ്ട് ആസ്വദിക്കുന്നതിനായി വിനോദ സഞ്ചാരികളും നാട്ടുകാരും വൈകുന്നേരം 5.30 മുതൽ മലരിക്കൽ ഒത്തുചേരും. അകന്പടിയായി ആട്ടവും പാട്ടുമൊക്കെയുണ്ടാവും.
മീനച്ചിലാർ -മീനന്തറയാർ -കൊടൂരാർ നദീ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി കാഞ്ഞിരത്തെ മലരിക്കൽ പ്രദേശത്ത് ആരംഭിച്ച ഗ്രാമീണ ടൂറിസം കേന്ദ്രം ഇതോടെ പ്രസിദ്ധമാവുകയാണ്. ഫയർഫോഴ്സിലെ വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പുരസ്കാരം നേടിയ തിരുവാർപ്പ് കാരിക്കത്തറ കെ.എൻ. സുരേഷ്, ദേശീയ കരാട്ടെ ചാന്പ്യൻഷിപ്പിൽ വെങ്കല മെഡൽ ജേതാവ് തിരുവാർപ്പ് ചക്കനാട്ട് ചിറയിൽ ആർ. അശ്വിൻ കൃഷ്ണൻ എന്നിവർക്കു ചടങ്ങിൽ ആർ.കെ. മേനോൻ സാസ്കാരിക സമിതിയുടെ പുരസ്കാരം നല്‍കും. തുടർന്ന് സംഗീതവിരുന്നും ഉണ്ടായിരിക്കും.
മലരിക്കലേക്കുള്ള വഴി ഇങ്ങനെ: കോട്ടയത്തു നിന്ന് കുമരകം റോഡിലൂടെ ഇല്ലിക്കൽ വഴി കാഞ്ഞിരം ജെട്ടി. അവിടെ നിന്ന് ഒന്നര കിലോമീറ്റർ ദൂരം മലരിക്കലേക്ക്.