കുമരകം: കാഞ്ഞിരം മലരിക്കൽ പ്രാദേശിക ടൂറിസം കേന്ദ്രത്തിലെ നാടൻ വള്ളങ്ങളിൽ ഓളപ്പരപ്പിലൂടെ സഞ്ചരിച്ച് സൂര്യാസ്തമനം വീക്ഷിക്കുന്നതിനും തുഴച്ചിൽ പരിശീലനത്തിനും അവസരമൊരുക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം സിനിമാ സംവിധായിക വിധുവിൻസെന്റ് നിർവഹിച്ചു.
മീനച്ചിലാർ -മീനന്തറയാർ -കൊടുരാർ പുനസംയോജന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച മലരിക്കൽ ടൂറിസം കേന്ദ്രത്തിലാണ് പുതിയ പദ്ധതിക്കും തുടക്കം കുറിച്ചത്. തിരുവാർപ്പ് പഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തുന്ന പദ്ധതിയാണിത്.
ചടങ്ങിൽ കോ ഓഡിനേറ്റർ കെ.അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഒന്‍പതിനായിരം, മുപ്പായിക്കരി തുടങ്ങിയ 1800ഏക്കർ വിസ്്തൃമായ കായലിനോടു ചേർന്നു കിടക്കുന്ന പാടശേഖരത്തിലെ ഓളപ്പരപ്പിലൂടെ വള്ളങ്ങളിൽ സഞ്ചരിക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള അവസരവും ലഭിക്കുമെന്ന് ടൂറിസം സൊസൈറ്റി പ്രസിഡന്റ് പി. എം. മണിയും സെക്രട്ടറി ഷാജി വട്ടപ്പള്ളിയും അറിയിച്ചു. കുട്ടികൾക്ക് നീന്തൽ പരിശീലിപ്പിക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.