കോട്ടയം: തുലാവർഷംമൂലം കൃഷിപ്പണികൾ നീട്ടിയതോടെ മലരിക്കൽ ആന്പൽകാഴ്ചകൾ രണ്ടാഴ്ച കൂടി തുടരും. മലരിക്കൽ തിരുവായ്ക്കരി പാടത്താണ് ഇപ്പോൾ ഇരുന്നൂറിലധികം ഏക്കറിൽ ആന്പൽകാഴ്ചയുള്ളത്. മലരിക്കൽ നിന്നു രാവിലെ ആറു മുതൽ ടൂറിസം സൊസൈറ്റി വള്ളങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
അവധി ദിവസങ്ങൾ നോക്കാതെ മറ്റു ദിവസങ്ങളിൽ എത്തുന്നത് വളരെ സൗകര്യപ്രദമാണെന്ന് ടൂറിസം സൊസൈറ്റി സെക്രട്ടറി വി.എസ.് ഷാജിമോൻ വട്ടപ്പള്ളിൽ അറിയിച്ചു. പനച്ചിക്കാട് ആന്പാട്ടുകടവ് ആന്പൽ വസന്തം ഫെസ്റ്റു രണ്ടാഴ്ചത്തേക്കു കൂടി നീട്ടിയിട്ടുണ്ട്.
കഴിഞ്ഞ 19 ന് ജില്ലാ കളക്്ടർ പി.കെ. സുധീർ ബാബു ഉദ്ഘാടനം ചെയ്ത ഫെസ്റ്റ് രണ്ട് ദിവസം നടത്താനാണ് തീരുമാനിച്ചിരുന്നത്. സന്ദർശകരുടെ വൻ തിരക്ക് അനുഭവപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഫെസ്റ്റ് രണ്ടാഴ്ച കൂടി നീട്ടാൻ തീരുമാനിച്ചത്.
ഇവിടെ സന്ദർശകർക്ക് വള്ളത്തിൽ സഞ്ചരിച്ച് അന്പൽ പൂക്കൾ കാണുന്നതിനു സൗകര്യമുണ്ട്. സന്ദർശകരുടെ തിരക്ക് വർധിക്കുന്നത് പരിഗണിച്ച് കൂടുതൽ വള്ളങ്ങൾ ഏർപ്പെടുത്തുന്നതിനും ശ്രമിക്കുന്നുണ്ട്. നാടൻ ഭക്ഷണശാലകളും ഒരുക്കിയിട്ടുണ്ട്.