കോട്ടയം: കോവിഡ് വ്യാപനം കുറയുമെന്ന പ്രതീക്ഷയില്‍ ഈ വര്‍ഷത്തെ ആമ്പല്‍ വസന്തം കാണികള്‍ക്ക് കാഴ്ചവിരുന്നായി നേരിട്ടു സംഘടിപ്പിക്കാന്‍ മലരിക്കല്‍ ആമ്പല്‍ ഫെസ്റ്റ് സംഘാടക സമിതി തയാറെടുപ്പുകള്‍ തുടങ്ങി.
അടുത്തയാഴ്ച ആമ്പല്‍ ഫെസ്റ്റ് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ നദീ പുനര്‍ സംയോജന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഫെസ്റ്റില്‍ ആമ്പല്കാഴ്ചകളിലേക്ക് യാത്ര ചെയ്യാന്‍ 120 നാടന്‍ വള്ളങ്ങളാണു തയാറാകുന്നത്.
തിരുവാര്‍പ്പ് പഞ്ചായത്തിലെ ജെ. ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖരങ്ങളിലായി ആയിരം ഏക്കറോളം വിസ്താരമുള്ള നെല്പാടങ്ങളില് ഒക്ടോബര്‍ 15 വരെ ഫെസ്റ്റ് നടക്കും.
എല്ലാ ദിവസവും രാവിലെ ആറു മുതല്‍ പത്തു വരെ ആമ്പല്കാഴ്ചകള്ക്ക് സൗകര്യമുണ്ടാകും. ഫെസ്റ്റിന്റെ ഭാഗമായി തിരുവാര്‍പ്പ് പഞ്ചായത്തിലെ മലരിക്കല്‍ വാര്‍ഡില്‍ സമ്പൂര്‍ണ വാക്സിനേഷന് നടത്തും.
എല്ലാ വള്ളങ്ങളുടെയും തുഴച്ചില്‍കാര്‍ക്കും വാക്സിനേഷന് നല്‍കും. ഫെസ്റ്റിന്റെ ഭാഗമായി മലരിക്കല്‍ റോഡില്‍ പുറത്തുനിന്നുള്ളവരുടെ വാഹനങ്ങള്‍ ഒഴിവാക്കും. പ്രത്യേക പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തും.
സന്ദര്‍ശക പാസില്‍നിന്നു ലഭിക്കുന്ന 20 രൂപ പാടശേഖര സമിതിക്കു നല്‍കും. വള്ളങ്ങളിലെ യാത്രയ്ക്ക് ഏകീകൃത പാസാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതിദിന സന്ദര്‍ശകരുടെ എണ്ണം കൂടാതിരിക്കാന്‍ മുന്‍കൂര്‍ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നുണ്ട്.തിരുവാര്‍പ്പ് പഞ്ചായത്തിനു പുറമേ ജെ. ബ്ലോക്ക് -തിരുവായ്ക്കരിപാടശേഖര സമിതികള്‍, മലരിക്കല്‍ ടൂറിസം സൊസൈറ്റി, നദീപുര് സംയോജന പദ്ധതി ജനകീയ കൂട്ടായ്മ, വിവിധ സഹകരണ ബാങ്കുകള്‍ എന്നിവയുമായി സഹകരിച്ചാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
പനച്ചിക്കാട്-പുതുപ്പള്ളി പഞ്ചായത്തുകളിലെ അമ്പാട്ടുകടവില്‍ സെപ്റ്റംബര്‍ ആദ്യവാരത്തോടെ ആമ്പല്‍ ഫെസ്റ്റിവല്‍ നടത്തും.
ജലഗതാഗതം വര്‍ധിപ്പിച്ച് ജലാശയങ്ങളെ നിലനിര്‍ത്തുകയും വീണ്ടെടുക്കുകയും ചെയ്യുക, കൃഷിക്കാര്‍ക്ക് വരുമാനം വര്‍ധിപ്പിക്കുക, തദ്ദേശീയ ജനതയ്ക്ക് വിനോദ സഞ്ചാര മേഖലയില്‍നിന്നു വരുമാനം ഉറപ്പാക്കി തദ്ദേശീയ ഉടമസ്ഥത ഉറപ്പാക്കുക തുടങ്ങിയകാര്യങ്ങളാണു പ്രാദേശിക ജലടൂറിസം പദ്ധതികള്‍ വികസിപ്പിക്കുന്നതിലൂടെ ജനകീയ കൂട്ടായ്മ ലക്ഷ്യമിടുന്നത്.