കോട്ടയം: മലരിക്കൽ ആന്പൽ ഫെസ്റ്റ് കാണാൻ നോക്കുകൂലി. സോഷ്യൽ മീഡിയയിലും വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും വൻ പ്രതിഷേധം.
റോഡിൽ നിന്നും ആന്പലുകൾ കാണുന്നതിന് ഒരാൾക്ക് 30 രൂപയാണ് ഈടാക്കുന്നത്. റോഡിൽ വാഹനം പാർക്ക് ചെയ്യുന്നതിന് 50 രൂപയും ഈടാക്കുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്.
ആന്പലുകൾക്ക് ഇടയിലൂടെ വള്ളത്തിൽ ഒരാളെ കൊണ്ടു പോകുന്നതിനു 100 രൂപയാണ് നല്കേണ്ടത്. ഇതിനു പുറമേ ഫോട്ടോ എടുക്കുന്നതിന് 500 രൂപ.
വിവാഹിതരായവർ ഫോട്ടോ എടുക്കാനെത്തിയാൽ എൻട്രി ഫ്രീയാണ്.
വള്ളത്തിന്റെ ചാർജിനു പുറമേ 500 രൂപ സ്റ്റിൽ ഫോട്ടോഗ്രാഫിക്കും ഹെലികാം പറത്തുന്നതിന് 2000 രൂപയും കൊമേഴ്സ്യൽ ഫോട്ടോഗ്രാഫിക്ക് 1000 രൂപയും ഈടാക്കും.
ഇതിനെതിരേ വ്യാപകമായിട്ടാണ് പരാതിയും പ്രതിഷേധവും ഉയർന്നിരിക്കുന്നത്.
കുമരകത്തും ആലപ്പുഴയും ഒരു മണിക്കൂർ ബോട്ട് യാത്രക്ക് 50 പേർക്ക് 400 രൂപ ചാർജ് ഈടാക്കുന്പോഴാണ് മലരിക്കലിൽ ഒരാൾ ലൈസൻസില്ലാത്ത വള്ളത്തിൽ കയറാൻ 100 രൂപ നല്കേണ്ട ത്.
ജില്ലയിലെ പ്രമുഖ സിപിഎം നേതാവിന്റെയും പ്രാദേശിക നേതാക്കളുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സൊസൈറ്റി, സർക്കാർ സ്ഥാപനമായ കോട്ടയം ഡിടിപിസി, തിരുവാർപ്പ് പഞ്ചായത്ത്, ഏതാനും പാടശേഖര സമിതികൾ എന്നിവർ ചേർന്നാണ് പണപ്പിരിവ് നടത്തുന്നത്.
സർക്കാർ അനുമതിയില്ലാതെയാണ് സർക്കാർ ഏജൻസികളുടെ പേരിൽ പണം പിരിക്കുന്നതെന്നും എത്ര തുക പിരിച്ചാലും 30 രൂപയുടെ രസീത് മാത്രമാണ് നൽകുന്നതെന്നും പരാതി ഉയർന്നിരിക്കുന്നത്.
നൂറുകണിക്കിനാളുകൾ എത്തുന്ന ഇവിടെ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തുകയാണെന്നും പറയപ്പെടുന്നു.
വാട്സ് ആപ്പിൽ പ്രചരിക്കുന്ന പ്രതിഷേധ കുറിപ്പുകളിൽ വഴിയോര ടൂറിസത്തിന് ആദ്യമായി ഫീസ് ഈടാക്കുന്നത് മലരിക്കലിലാണെന്നും സാധാരണക്കാരെ തടഞ്ഞു നിർത്തി പണം വാങ്ങുകയാണെന്നും പറയുന്നു.
വിമർശിക്കുന്നവരുടെ ശ്രദ്ധയിലേക്ക്…
കോട്ടയം: മലരിക്കൽ ആന്പൽ ഫെസ്റ്റ് കാണാൻ എത്തുന്നവരിൽനിന്ന് പണം ഈടാക്കുന്നതു പ്രവേശന ഫീസായി വ്യാഖ്യാനിക്കരുത്.
സ്വകാര്യ ഭൂമിയിലുള്ള ആന്പൽ ഫെസ്റ്റ് നിലനിർത്തുന്നതിൽ പാടശേഖര സമിതികൾക്കു കർഷകർക്കും വലിയ പങ്കാണുള്ളത്.
കർഷകർക്കും പാടശേഖര സമിതികൾക്കുമുള്ള വരുമാനമായിട്ടാണ് പണം ഈടാക്കുന്നത്.
മുൻവർഷങ്ങളിൽ ആന്പലുകൾ ഉണ്ടായിരുന്നെങ്കിലും കർഷകർ അവ നശിപ്പിച്ചു കളയുകയായിരുന്നു.
കഴിഞ്ഞ രണ്ടു വർഷങ്ങളായി എല്ലാവരുടെ അഭ്യർഥന മാനിച്ചു കർഷകർ തന്നെ ആന്പലുകൾ നശിപ്പിച്ചു കളയാതെ ഫെസ്റ്റിനെയും മലരിക്കൽ ടൂറിസത്തെയും പ്രോത്സാഹിപ്പിക്കുകയാണ്.
ഇതോടെയാണ് കർഷകർക്കും ചെറിയ വരുമാനം കിട്ടുന്ന രീതിയിലുള്ള സംവിധാനം ഏർപ്പെടുത്തിയത്.
ജെ ബ്ലോക്ക്, തിരുവായിക്കര എന്നീ പാടശേഖരങ്ങളിലാണ് ആന്പൽ ഫെസ്റ്റുള്ളത്.
പാടശേഖര സമിതികൾക്കും കർഷകർക്കും 10 രൂപ വീതവും രാവിലെമുതൽ രാത്രിവരെ ഇവിടെ സേവനം ചെയ്യുന്ന വോളന്റിയർമാരുടെ ചെലവുകൾക്കായിട്ട് 10 രൂപമായിട്ടാണ് 30 രൂപ ഈടാക്കിയിരുന്നത്.
കർഷകരും ജനപ്രതിധികളുമുൾപ്പെടെയുള്ള 180പേർ ചേർന്ന പൊതുയോഗത്തിലാണ് പണം ഈടാക്കാൻ തീരുമാനിച്ചത്.
അജയൻ കെ. മോനോൻ
തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ്