ലോങ്വേ: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ മലാവിയിൽ വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമയും ഭാര്യ മേരിയും ഉൾപ്പെടെ പത്തു പേർ സഞ്ചരിച്ചിരുന്ന സൈനിക വിമാനം കാണാതായി.
രാഷ്ട്രീയ പാർട്ടിയായ യുണൈറ്റഡ് ട്രാൻസ്ഫോർമേഷൻ മൂവ്മെന്റിലെ നേതാക്കളും ഉയർന്ന ഉദ്യോഗസ്ഥരും കാണാതായ വിമാനത്തിലുണ്ട്. തലസ്ഥാനമായ ലിലോങ്വേയിൽനിന്ന് പറന്നുയർന്ന വിമാനം വൈകാതെ റഡാറിൽനിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. വ്യാപകമായ തെരച്ചിൽ നടത്തുന്നുണ്ടെങ്കിലും വിമാനത്തെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല.
പ്രാദേശിക സമയം രാവിലെ 9.17നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. പത്തരയോടെ മലാവിയുടെ വടക്കൻ മേഖലയിലുള്ള മസുസുവിലെ വിമാനത്താവളത്തിലായിരുന്നു വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത്.
മുൻ കാബിനറ്റ് മന്ത്രി റാൽഫ് കസാംബാരയുടെ സംസ്കാര ചടങ്ങുകൾക്കായി പുറപ്പെട്ടതായിരുന്നു സംഘം. മൂന്നു ദിവസം മുൻപാണ് റാൽഫ് മരിച്ചത്. 10 വർഷമായി മലാവിയുടെ വൈസ് പ്രസിഡന്റാണ് സോളോസ് ചിലിമ. ബഹുരാഷ്ട്ര കമ്പനികളായ കൊക്ക കോളയിലും യൂണിലിവറിലും സുപ്രധാന പദവികൾ വഹിച്ചശേഷമാണ് സോളോസ് ചിലിമ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്.
കഴിഞ്ഞ മാസം ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാനും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.