കാട്ടാക്കട : സഹായിക്കണമെന്ന് ഒന്പതാം ക്ലാസുകാരി മാളവികയുടെ വീഡിയോ സന്ദേശം. വീഡിയോ കണ്ട് മന്ത്രി എം.എം മണി കനിഞ്ഞു. ഉടൻ വീട്ടിൽ വെളിച്ചമെത്തി.
പൂവച്ചൽ ഇലക്ട്രിക് സെക്ഷനു കീഴിൽ കല്ലുവാക്കോണത്ത് സ്മിതയും കുടുംബവുമാണ് നാളുകളായി വൈദ്യുതിയില്ലാതെ ഇരുട്ടിൽ കഴിഞ്ഞത്.
പരിമിതമായ ഇടത്തിൽ പൊളിഞ്ഞു വീഴാറായി ഇരിക്കുന്ന ഷെഡിലാണ് സ്മിതയും മകൾ മാളവികയും കഴിയുന്നത്. ഇതിനാൽ തന്നെ വൈദ്യുതി ലഭിക്കാനും മറ്റുമുള്ള രേഖകൾ ഇവർക്ക് നൽകാനായില്ല. മാളവികയുടെ പഠനവും ഇരുട്ടിലായി.
ഇതിനിടെയാണ് മന്ത്രിക്ക് വീഡിയോ സന്ദേശം അയയ്ക്കാൻ മാളവിക തീരുമാനിച്ചത്. വിഷയം മന്ത്രി എം.എം. മണിയുടെ ശ്രദ്ധയിൽപ്പെട്ടതോടെ കുടുബത്തിന് വൈദ്യുതി ലഭിക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ നിർദേശം നൽകി.
ഒപ്പം കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷന്റെ (സിഐടിയു) സമയോചിത ഇടപെടലും ആയപ്പോൾ നടപടികൾ ദ്രുതഗതിയിലായി. അസോസിയേഷൻ സിഐടിയു സംസ്ഥാനനേതൃത്വം വേണ്ട നടപടികൾ
സ്വീകരിക്കാൻ കാട്ടാക്കട ഡിവിഷൻ സെക്രട്ടറിയായ രാജീവിനേയും സംസ്ഥാന കമ്മിറ്റി അംഗമായ രാജേഷ് കുമാറിനേയും ചുമതലപ്പെടുത്തിയതോടെ ഇരുട്ടിലെ ജീവിതം വെളിച്ചത്തിലേക്ക്. മാളവികയ്ക്ക് ഓൺലൈൻ പഠനത്തിനായി എൽസിഡി ടിവിയും സമ്മാനമായി നൽകി.