പ്രശസ്ത ഇറാനിയൻ സംവിധായകൻ മജീദ് മജീദി സംവിധാനം ചെയ്യുന്ന ബിയോണ്ട് ദ ക്ലൗഡ്സ് എന്ന ചിത്രത്തിൽ നായികയായി മലയാളി താരം മാളവിക മോഹൻ എത്തുമെന്നു റിപ്പോർട്ടുകൾ. ബോളിവുഡ് സുന്ദരി ദീപിക പദുക്കോണിനെ പിന്തള്ളിയാണ് ചിത്രത്തിലേക്ക് മാളവിക എത്തിയത്.
ദീപികയെ വച്ച് ചിത്രത്തിന്റെ കുറച്ചു ഭാഗങ്ങൾ ഷൂട്ട് ചെയ്തിരുന്നു. എന്നാൽ കാമറ ടെസ്റ്റിൽ കഥാപാത്രത്തിന് ചേർന്ന പ്രത്യേകതകൾ ഇല്ലാത്തതിനാലാണ് ദീപികയെ ഒഴിവാക്കിയതെന്നാണ് സൂചന. എന്നാൽ തിരക്കുകൾ കാരണം ദീപിക പിന്മാറിയതാകാമെന്ന് ആരാധകർ പറയുന്നു. നടിക്കു വേണ്ടിയുള്ള തിരച്ചിലിനൊടുവിൽ മജീദ് മാളവികയിലേക്ക് എത്തുകയായിരുന്നു.
തുണികൾ അലക്കി നൽകുന്ന ഒരു കോളനിയുടെ പശ്ചാത്തലത്തിലാണ് കഥ. സഹോദരങ്ങൾ നൽകുന്ന ആത്മബന്ധം പറയുന്ന ചിത്രത്തിൽ ഷാഹിദ് കപൂറിന്റെ സഹോദരൻ ഇഷാൻ ഖട്ടക്കാണ് നായകൻ. സംവിധായകൻ ഗൗതം ഘോഷും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പട്ടം പോലെ, നിർണായകം എന്നീ ചിത്രങ്ങളിലെ നായികയാണ് മാളവിക. മമ്മൂട്ടി ചിത്രം ദ ഗ്രേറ്റ് ഫാദറിലും പ്രധാനപ്പെട്ട കഥാപാത്രത്തെ മാളവിക അവതരിപ്പിക്കുന്നുണ്ട്.