ദുൽഖർ സൽമാന്റെ “പട്ടംപോലെ ‘ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് മാളവിക മോഹൻ. വളരെ ചെറിയ സമയംകൊണ്ട് തെന്നിന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട നടിയായി മാളവിക മാറി.
വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും അവയെല്ലാം സൂപ്പർസ്റ്റാർ ചിത്രങ്ങളാണ്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ ചിത്രങ്ങളിൽ ഒരുപോലെ സജീവമായ മാളവികയുടെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം “മാസ്റ്ററാ’ ണ്.
വിജയ്യുടെ നായികയായിട്ടാണ് മാളവിക ചിത്രത്തിലെത്തുന്നത്. ജനുവരി 13 ന് ചിത്രം പ്രദർശനത്തിനെത്തും. രജനീകാന്ത് ചിത്രമായ “പേട്ട’യിലാണ് മാളവിക ഏറ്റവും ഒടുവിൽ അഭിനയിച്ചത്.
ഇപ്പേഴിതാ രജനീകാന്തും വിജയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് തുറന്നുപറയുകയാണു മാളവിക. ഒരഭിമുഖത്തിലാണ് മാളവിക ഇക്കാര്യം വെളിപ്പെടുത്തിയത്.
സെറ്റിലുള്ളവരോട് നല്ലതുപോലെ സംസാരിക്കുന്ന വ്യക്തിയാണ് രജനീകാന്ത്. എന്നാൽ വിജയ് അധികം സംസാരിക്കില്ല. എന്നാൽ അദ്ദേഹത്തോടു സംസാരിക്കുന്പോൾ വിജയ്യും അതുപോലെ സംസാരിക്കാറുണ്ട്.
സെറ്റുകളിൽ അദ്ദേഹം വളരെ ശാന്തനാണ്. അടുത്ത ഷോട്ടിനെക്കുറിച്ചായിരിക്കും ചിന്തിക്കുന്നത്. ഓണ്‍സ്ക്രീനിൽ കാണുന്നതുപോലെതന്നെ ഓഫ് സ്ക്രീനിലും അദ്ദേഹം ഒരു എന്റർടെയ്നറാണ്.
ആളുകളോട് സംസാരിക്കാനും അവരെക്കുറിച്ച് അറിയാനും അദ്ദേഹത്തിന് ഇഷ്ടമാണ്. കൂടാതെ എല്ലാവരോടുമൊപ്പം ഇരുന്ന് പഴയ സിനിമാക്കഥകളും വിശേഷങ്ങളും പങ്കുവയ്ക്കും.
ഇന്ത്യയിലെതന്നെ അറിയപ്പെടുന്ന താരമായ വിജയ്ക്കൊപ്പം അഭിനയിക്കാൻ സാധിച്ചതു വലിയ കാര്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം അതൊരു കൗതുകകരമായ അനുഭവമായിരുന്നു.
കാരണം ഒരു വ്യക്തി എന്ന നിലയിൽ വിജയ് സാറിനെ കുറിച്ച് തനിക്ക് ഒരു വിവരവും അറിയില്ല. അദ്ദേഹത്തിന്റെ ഓണ്‍ സ്ക്രീൻ വേർഷനായ സിനിമകൾ മാത്രമാണ് നമ്മൾ കാണുന്നത്. സിനിമകളിലൂടെയാണ് അദ്ദേഹത്തെ കാണുന്നത്.
ഈ പത്തു വർഷത്തിനിടയ്ക്ക് അദ്ദേഹം ഒരു ചെറിയ അഭിമുഖം പോലും കൊടുത്തിട്ടില്ല. മറ്റുള്ള താരങ്ങളെക്കുറിച്ച് അറിയാൻ യൂട്യൂബിൽ തെരഞ്ഞാൽ മതി.
എന്നാൽ വിജയ് സാറിന്റേതായി അങ്ങനെയൊന്നുമില്ല. അഭിമുഖങ്ങൾ നൽകുന്നില്ല, ബ്രാൻഡുകൾ അംഗീകരിക്കുന്നില്ല, അദ്ദേഹം വളരെ എക്സ്ക്ലൂസീവ് ആണ് – മാളവിക പറയുന്നു.
ജനുവരി 13ന് പൊങ്കൽ റിലീസായിട്ടാണ് “മാസ്റ്റർ’ തിയറ്ററുകളിൽ എത്തുന്നത്. തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.
ലോക്ക്ഡൗണിന് ശേഷം പുറത്തു വരുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. “കൈദിക്ക്’ ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ്യുടെ വില്ലനായി വിജയ് സേതുപതിയാണ് എത്തുന്നത്.