മലയാളത്തിലൂടെ വെള്ളിരയിലെത്തി തമിഴിലും ബോളിവുഡിലുമെല്ലാം നിറ സാന്നിധ്യമായി മാറിയ നടിയാണ് മാളവിക മോഹന്‍. പ്രശസ്ത ഛായാഗ്രാഹകന്‍ കെ.യു. മോഹനന്റെ മകളാണ് മാളവിക.
ക്രിസ്റ്റി എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കു തിരിച്ചെത്തുകയാണ് മാളവിക. ഇപ്പോഴിതാ തന്റെ സിനിമയിലേക്കുള്ള കടന്നു വരവിനെക്കുറിച്ചും മുംബൈ ജീവിതത്തെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് നടി. ഒരഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
വീട്ടില്‍ എപ്പോഴും സിനിമകളുടെ ഡിവിഡികളുണ്ടായിരുന്നു. ആ ഡിവിഡികളാണ് എന്റെ സിനിമാ മോഹങ്ങളുടെ വാതില്‍ തുറന്നത്.
ഇടയ്ക്കൊക്കെ അച്ഛനൊപ്പം സിനിമകളുടെ സെറ്റിലും പോയിട്ടുണ്ട്. താരങ്ങളോട് ഒരു സാധാരണ കൗമാരക്കാരിക്കു തോന്നുന്ന ത്രില്‍ മാത്രമാണ് ആദ്യം തോന്നിയത്. മുംബൈയില്‍ ആമിര്‍ ഖാന്റെ ഒരു സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ അച്ഛനൊപ്പം ഞാനും പോയിരുന്നു.
ഞാന്‍ കോളജില്‍ പഠിക്കുകയായിരുന്നു. ആ സിനിമയില്‍ ചെറിയൊരു ഷോട്ടില്‍ ഞാനും കൂട്ടുകാരികളും അഭിനയിച്ചു. ഷൂട്ടിംഗിനിടയില്‍ അപ്രതീക്ഷിതമായി ആമിർഖാൻ എന്നോട് എന്തായി തീരാനാണ് ആഗ്രഹമെന്ന് ചോദിച്ചു.
കരിയറിനെപ്പറ്റി ഒരു കണ്‍ഫ്യൂഷനിലാണെന്ന് പറഞ്ഞപ്പോള്‍ നീ ഒരു നടിയായിത്തീരും എന്ന് അദ്ദേഹം പറഞ്ഞു. അന്ന് ഞാനത്ര വിശ്വസിച്ചില്ല. എന്തായാലും പ്രവചനം സത്യമായി.
അച്ഛന്റെ നാട് പയ്യന്നൂരാണെങ്കിലും ഞാന്‍ പഠിച്ചതും വളര്‍ന്നതുമൊക്കെ മുംബൈയിലാണ്. ആ നഗരമാണ് എന്റെ വ്യക്തിത്വവും കരിയറുമൊക്കെ രൂപപ്പെടുത്തിയത്.
അച്ഛനും അമ്മയും തന്ന സ്വാതന്ത്ര്യവും കരുതലുമാണ് എന്നെ ഞാനാക്കിയത്. പയ്യന്നൂരില്‍ വരാനും അവിടെ നില്‍ക്കാനും എനിക്ക് ഇപ്പോഴും ഇഷ്ടമാണ്. എന്നാല്‍ പയ്യന്നൂരില്‍ വരുമ്പോള്‍ ഇപ്പോഴും ഞാന്‍ നേരിടുന്ന കുറേ യാഥാര്‍ഥ്യങ്ങളുണ്ട്.
മുംബൈയില്‍ രാത്രി പത്ത് മണിക്കും എനിക്ക് പുറത്തിറങ്ങാനും എന്റെ കാര്യങ്ങള്‍ ചെയ്യാനും സ്വാത്രന്ത്ര്യമുണ്ട്. പയ്യന്നൂരിലെ വീട്ടില്‍ നിന്ന് സന്ധ്യ കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ ഈ നേരത്ത് നീ എവിടെ പോകുന്നുവെന്നാണ് അമ്മൂമ്മ ചോദിക്കാറുള്ളത്.
സന്ധ്യ കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ പെണ്‍കുട്ടികള്‍ വലിയ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് അവരൊക്കെ ഇപ്പോഴും വിശ്വസിക്കുന്നത്.
ക്രിസ്റ്റിയിലെത്തിയത് സ്വപ്നം പോലെയാണ്. കൗമാരക്കാരനും അവന്റെ ട്യൂഷന് ടീച്ചറും തമ്മിലുള്ള സൗഹൃദവും ആ ബന്ധത്തില്‍ വരുന്ന മാറ്റങ്ങളുമെല്ലാമാണ് സിനിമ പറയുന്നത്- മാളവിക വ്യക്തമാക്കി.