സോഷ്യൽ മീഡിയിൽ കടുത്ത സൈബർ ആക്രമണങ്ങൾ നേരിടുന്ന താരങ്ങളിൽ ഒരാളാണ് മാളവിക മേനോൻ. താരം പങ്കുവയ്ക്കുന്ന ഫോട്ടോകളുടെയും വീഡിയോകളുടെയും താഴെ ബോഡിഷെയ്മിംഗ് കമന്റുകളാണ് ചിലർ പങ്കുവയ്ക്കാറുള്ളത്. നടിയുടെ വസ്ത്രധാരണത്തേയും അധിക്ഷേപിച്ച് വളരെ മോശമായ കമന്റുകളും ചിലർ കുറിക്കാറുണ്ട്.
ഇപ്പോഴിതാ അത്തരം സൈബർ അധിക്ഷേപങ്ങൾക്ക് ചുട്ടഭാഷയിൽ മറുപടി നൽകുകയാണ് മാളവിക. ഒരഭിമുഖത്തിലാണ് മാളവികയുടെ പ്രതികരണം. സാധാരണ മനുഷ്യർ പങ്കുവയ്ക്കുന്ന തരത്തിലുള്ള വീഡിയോകളും ഫോട്ടോകളുമെല്ലാം തന്നെയാണ് ഞാനും പങ്കുവയ്ക്കാറുള്ളതെന്നും എന്നാൽ എന്തിനാണ് ഇത്തരത്തിൽ ആളുകൾ വന്ന് മോശം കമന്റുകൾ ഇടുന്നതെന്ന് മനസിലാകുന്നില്ലെന്നും മാളവിക പറഞ്ഞു.
ഇന്നത്തെ കാലത്ത് എല്ലാവരും മോഡേൺ രീതിയിൽ വസ്ത്രമിടുന്നവരാണ്. എന്നാൽ സെലിബ്രിറ്റികൾ അങ്ങനെ ചെയ്യുമ്പോൾ അതിനെതിരേ ചിലർ മോശം പറയും. ഒരു മാളിൽ ചെന്നാൽ പോലും നമുക്ക് ചുറ്റും കാണുന്നവരിലെല്ലാം അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ചെത്തുന്നവരെ കാണാനാകും.
ചിലർ എക്സ്പോസ് ചെയ്യുന്ന രീതിയിലുള്ളതായിരിക്കാം, ചിലരുടേത് ഇറക്കം കുറഞ്ഞതായിരിക്കാം, പക്ഷേ ഇതേ കാര്യം സിനിമതാരങ്ങൾ ആകുമ്പോൾ എങ്ങനെയാണ് മോശമാകുന്നത്. ഞങ്ങളുടെ ജോലിയുടെ ഭാഗമാണിത്. പൈസ വാങ്ങിയിട്ടാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്നുവരെ കമന്റിടുന്നവരുണ്ട്.
ഇതിനോടൊക്കെ പ്രതികരിക്കാൻ തന്നെ എനിക്കു താത്പര്യമില്ല. ഞാൻ സ്ഥിരമായി കേൾക്കുന്ന ചോദ്യമാണ് എന്താ നിനക്ക് വീട്ടിൽ ചോദിക്കാനും പറയാനും ആളില്ലേയെന്നാണ്. ഞാൻ എന്റെ മാതാപിതാക്കൾക്കും സഹോദരനുമൊക്ക ഒപ്പമാണ് പരിപാടികളിൽ പങ്കെടുക്കാറുള്ളത്.
ഏത് വർക്ക് തെരഞ്ഞെടുക്കണമെന്നതൊക്കെ ഞങ്ങൾ ഒരുമിച്ചാണ് തീരുമാനം എടുക്കാറുള്ളത്. വീട്ടുകാർ എല്ലാവരും ചേർന്ന് തീരുമാനമെടുക്കുന്ന കാര്യങ്ങൾ പിന്നെയെങ്ങനെയാണ് മോശമാകുന്നത്? സിനിമ ഇൻഡസ്ട്രിയിൽ പിടിച്ചുനിൽക്കാനാണ് ഇങ്ങനെയൊക്കെ കാണിക്കുന്നത്, വേറെ പണിയൊന്നും കിട്ടുന്നില്ലേ എന്നൊക്കെയുള്ള ചോദ്യങ്ങളോട് മറുപടി പറയാൻ തന്നെ എനിക്ക് താത്പര്യമില്ല.
കാരണം ഞാൻ എന്റെ ജോലിയാണ് ചെയ്യുന്നത്. എനിക്ക് എന്റേതായ ഉത്തരവാദിത്തങ്ങളുണ്ട്. ജീവിതത്തിൽ ബാധ്യതകളും കടമകളുമൊക്കെയുള്ള ഒരാൾ തന്നെയാണ് ഞാനും.
അതൊക്കെ നിറവേറ്റാനാണ് ജോലി ചെയ്യുന്നത്. ചുറ്റുമുള്ള എല്ലാവരേയും സന്തോഷിപ്പിച്ച് ജീവിക്കുകയും നമ്മുക്ക് സാധ്യമായ കാര്യമല്ല. ഡീഗ്രേഡുമായി ഇറങ്ങുന്ന ആളുകളോട് തനിക്ക് സഹതാപം മാത്രമേയുള്ളു- മാളവിക പറഞ്ഞു.