തെന്നിന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് മാസ്റ്റർ. പുതുവർഷ ദിനത്തിലായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്ലുക്കും പേരും അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. കൈദിക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന നടി മാളവിക മോഹനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിലെ ആക്ഷൻ രംഗത്തിനായി നടി പാർക്കൗർ പരിശീലനം ചെയ്യുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. കഴിഞ്ഞ രണ്ട് മാസമായി പാർക്കൗർ പരിശീലിക്കുകയാണ് താരം. ആക്ഷനും റൊമാൻസിനും ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്.
ഇളയദളപതിയുടെ വില്ലനായി എത്തുന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം വിജയ് സേതുപതിയാണ്. ആൻഡ്രിയ ജെർമിയ ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ഗൗരി കിഷൻ, ശാന്തനു ഭാഗ്യരാജ്, അർജുൻ ദാസ്, എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സത്യൻ സൂര്യയുടേതാണ് ഛായാഗ്രഹണം. ഈ വർഷം ഏപ്രിലിൽ ചിത്രം പുറത്തു വരും. ചിത്രത്തിലെ പേര് പോലെ തന്നെ അധ്യാപകനായിട്ടാണ് വിജയ് ചിത്രത്തിലെത്തുന്നത്. ചിത്രത്തെ കുറിച്ചുളള ബാക്കി വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ചിത്രത്തിന്റെ പോസ്റ്ററുകൾക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.