വി. ശ്രീകാന്ത്
സിനിമാമേഖല കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്പോഴും അഹങ്കാര മല ചവിട്ടിക്കയറുകയാണ് ചില താരങ്ങൾ. നിരനിരയായി തിയറ്ററിൽ ചിത്രങ്ങൾ പൊട്ടുന്പോഴുള്ള നിർമാതാക്കളുടെ കണ്ണുനീരും ആളുകൾ കയറാത്തതിലുള്ള തിയറ്റർ ഉടമകളുടെ നൊന്പരവുമൊന്നും താരങ്ങൾക്ക് ഒരു പ്രശ്നമേയല്ല.
നിർമാതാക്കൾ വടിയെടുക്കാതെ പൊട്ടിത്തെറിക്കാതെ രക്ഷയില്ലായെന്ന ഘട്ടം വന്നപ്പോൾ അവർ രണ്ടും കൽപ്പിച്ച് പലതും പറഞ്ഞു. അപ്പോഴും ആരുടെയും പേര് വെളിപ്പെടുത്താതെ ചെറിയൊരു മറ തീർത്തിരുന്നു.
എന്നാൽ അതുകൊണ്ടൊന്നും പഠിക്കാൻ താരങ്ങൾ തയാറാകാതെ വന്നതോടെ പേര് കൂടി വെളിപ്പെടുത്താൻ അവർ നിർബന്ധിതരായി. അങ്ങനെ വീണ്ടും ഷെയ്ൻ നിഗവും ശ്രീനാഥ് ഭാസിയും വിവാദ കോളങ്ങളിൽ ഇടംപിടിച്ചിരിക്കുകയാണ്.
വിലക്കിന് പകരം സഹകരണം ഇല്ലായ്മ കൊണ്ട് താരങ്ങളെ നേരിടാനാണ് ഫെഫ്കയും അമ്മയും തീരുമാനിച്ചിരിക്കുന്നത്. ഇതെല്ലാം കാണുന്പോൾ ആസ്വാദകർ ചോദിച്ച് തുടങ്ങിയിട്ടുണ്ട്, ‘പ്രശസ്തി തലയ്ക്ക് പിടിച്ചാൽ ഇങ്ങനെയൊക്കെ ചെയ്യുമോയെന്ന്…’
സമയത്ത് എത്തിയാൽ എന്താണ് കുഴപ്പം
പല പരിപാടികളുള്ള മന്ത്രിമാർ ചില പരിപാടികളിൽ താമസിച്ച് എത്താറുണ്ട്. അതിന് അതിന്റേതായ കാരണം ഉണ്ടെന്ന് ജനങ്ങൾക്ക് അറിയാം.
എന്നാൽ അഭിനയിക്കാമെന്നേറ്റ സിനിമകളിൽ താമസിച്ച് എത്തി ഒരു സെറ്റിലെ അംഗങ്ങളെ മുഴുവൻ വിഷമിപ്പിക്കുന്ന, കളിയാക്കുന്ന നടപടി അത്ര ശരിയല്ലായെന്നാണ് ശ്രീനാഥ് ഭാസിയോട് ആസ്വാദകർക്ക് പറയാനുള്ളത്.
നിങ്ങളുടെ അഭിനയമെല്ലാം കൊള്ളാം, പക്ഷേ ചട്ടന്പിത്തരങ്ങൾ നിർത്തി പ്രശസ്തിയുടെ മാനത്തുനിന്നു താഴെ ഇറങ്ങി കൂടെയുള്ളവരെ ബഹുമാനിക്കാൻ പഠിക്കാൻ ഇനിയും വൈകിക്കൂടായെന്ന് ആസ്വാദകരുടെ ഉള്ളം പറയുന്നുണ്ട്.
കക്ഷി കരഞ്ഞ് ക്ഷമാപണം നടത്തി വിവാദക്കോളങ്ങളിൽനിന്നു മാറിയിട്ട് അധികം നാളുകൾ ആയിട്ടില്ലായെന്ന് കൂടി ഓർക്കണം. ഒരേസമയം പല സിനിമകൾ ചെയ്യാമെന്ന് ഏറ്റശേഷം മുങ്ങുന്ന പ്രവണതയും താരത്തിനുണ്ട്. ഇതു പരിഹരിച്ചില്ലേൽ താരം വീട്ടിലിരുക്കുന്ന അവസ്ഥയിലെത്താനും ഇനി സാധ്യതയേറെയാണ്.
തലയിടൽ ഇത്തിരി കൂടിപ്പോയില്ലേ…
അഭിനയിക്കുന്ന സിനിമകളിൽ കനത്ത പ്രതിഫലം മേടിക്കുക, എഡിറ്റിംഗിലും മറ്റ് ഇടപെട്ട് ഷോ കാണിക്കുക തുടങ്ങിയ ലീലാവിലാസങ്ങളുമായാണ് ഷെയ്ൻ നിഗം വിവാദക്കോളത്തിൽ ഇടംപിടിച്ചിരിക്കുന്നത്.
വർഷങ്ങൾക്ക് മുന്പ് നിർമാതാവുമായുള്ള വാക്കുപോരും പിന്നീട് ഉണ്ടായ ചർച്ചകളുമെല്ലാം താരത്തിന് വല്ലാത്ത ക്ഷീണം ഉണ്ടാക്കിയിരുന്നു.
അതിൽനിന്നെല്ലാം മുക്തി നേടി താരം നല്ല വഴിയിലൂടെ പോകുകയാണെന്ന തോന്നിപ്പിച്ചെങ്കിലും അതെല്ലാം വെറും തോന്നലുകളായിരുന്നു തെളിയിച്ച് കൊണ്ടാണ് ആർഡിഎക്സ് സിനിമയിൽ പൊല്ലാപ്പുകളുടെ കഥ പുറത്തുവന്നത്.
അതോടെ ആസ്വാദകർ ഒന്നടങ്കം പറഞ്ഞു തുടങ്ങിയിട്ടുണ്ട് ഈ ചെറുപ്പക്കാരൻ ഇനിയുമേറെ പഠിക്കാൻ കിടക്കുന്നുവെന്ന്.
സ്വയം കുഴിയിൽ ചാടേണ്ടവർക്ക് ചാടാം…
ഒരു താരത്തെയും വിലക്കിയിട്ടില്ല, പകരം അവരോട് സഹകരിക്കില്ലായെന്ന് പറയുന്ന സംഘടനകൾ സ്വയം കുഴിയിൽ ചാടേണ്ടവർക്ക് ചാടാനുള്ള അവസരവും ഒരുക്കിവച്ചിട്ടുണ്ട്.
ഈ രണ്ട് താരങ്ങളെ വച്ച് സിനിമ ചെയ്യാൻ മുന്നിട്ടിറങ്ങുന്ന നിർമാതാക്കൾ അവർ വരുത്തുന്ന നഷ്ടങ്ങൾ കൂടി സഹിക്കാൻ റെഡിയായിരിക്കണമെന്നാണ് സിനിമ സംഘടനകൾ പറഞ്ഞിരിക്കുന്നത്.
നഷ്ടത്തിലോടുന്ന വണ്ടിയിൽ വലിയ നഷ്ടങ്ങളെ വീണ്ടും കൂട്ടാൻ നിർമാതാക്കൾ തയാറാകുമോയെന്ന് കണ്ടുതന്നെ അറിയാം.സിനിമ സംഘടനകളുടെ ഈ നീക്കത്തിലൂടെ ശ്രീനാഥ് ഭാസിയുടെയും ഷെയ്ൻ നിഗത്തിന്റെയും അഹങ്കാരം കുറയുമോ… അതോ സിനിമയില്ലാതെ അവർ വീട്ടിലിരിക്കുമോയെന്നാണ് ഏവരും ആകാംക്ഷയോടെ നോക്കിയിരിക്കുന്നത്.