കോട്ടയം: മലയാളത്തില്‍ ആദ്യമായി അച്ചടിച്ച ഗ്രന്ഥത്തിന് 200 വയസ്. ‘ചെറുപൈതങ്ങള്‍ക്ക ഉപകാരാര്‍ത്ഥം ഇംക്ലീശില്‍നിന്ന പരിഭാഷപ്പെടുത്തിയ കഥകള്‍’ എന്ന ഗ്രന്ഥത്തിനാണ് 200 വയസ് പൂര്‍ത്തിയായിരിക്കുന്നത്. ആരാണ് പുസ്തകത്തിലെ കഥകളുടെ രചയിതാക്കളെന്ന് അറിയില്ലെങ്കിലും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ഇംഗ്ലീഷ് പണ്ഡിതനായ ബെഞ്ചമിന്‍ ബെയ്ലിയാണ്.
അച്ചടിക്കായി ഇദ്ദേഹം കോട്ടയം ചാലുകുന്നില്‍ 1821ല്‍ പ്രസ് സ്ഥാപിച്ചശേഷം 1824ൽ കോട്ടയം സിഎംഎസ് പ്രസിലാണ് പുസ്തകം അച്ചടിച്ചത്.ചെന്നൈയില്‍നിന്നാണ് അച്ചടിക്കുള്ള അച്ച് ഇദ്ദേഹം രൂപപ്പെടുത്തിയത്. പാശ്ചാത്യരാജ്യങ്ങളില്‍ പ്രചരിച്ചിരുന്ന, ബൈബിള്‍ ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള സാരോപദേശകഥകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
2014ല്‍ സിഎംഎസ് കോളജ് മലയാളവിഭാഗം മുന്‍ തലവന്‍ ഡോ. ബാബു ചെറിയാന്റെ നേതൃത്വത്തിലാണ് പുസ്തകം കാലങ്ങള്‍ക്കുശേഷം തേടിപ്പിടിച്ച് അതേരീതിയില്‍ പുതിയ അച്ചടിയില്‍ പ്രസിദ്ധീകരിക്കുന്നത്. 2002ൽ ഇതിന്റെ ആദ്യകോപ്പി ഇംഗ്ലണ്ടിലെ സിഎംഎസ് ആര്ക്കൈവ്സില്നിന്ന് ശേഖരിച്ചു. ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ കഴിയാത്തതിനാല്‍ മൈക്രോഫിലിമിലാണു പേജുകള്‍ ലഭിച്ചത്.
നഗ്നനേത്രങ്ങള്‍ക്കൊണ്ട് വായിക്കാന്‍ കഴിയാത്തതിനാല്‍ മൈക്രോഫിലിം റീഡര്‍ ഉപയോഗിച്ച് പുസ്തകം പകര്‍ത്തുകയായിരുന്നു. പകര്‍ത്തിയെടുക്കാൻ ആറ് മാസം എടുത്തെന്ന് ഡോ. ബാബു ചെറിയാന് പറഞ്ഞു.ആ വായനയിലാണ് അന്നത്തെ കല്ലച്ചിലെ അക്ഷരങ്ങളുടെ കുറവുമൂലം പല വാക്കുകളും അപൂര്‍ണമെന്ന് കണ്ടെത്തിയത്.
അതിനാലാണ് തലക്കെട്ടില്‍ ചെറുപൈതങ്ങള്‍ക്ക് എന്ന വാക്കിന് ചന്ദ്രക്കലയില്ലാതെ പോയത്. പാട്ട് എന്നതിന് പാട്ടയും കോട്ട എന്നതിന് കൊട്ടയുമായി എട്ട് കഥകളാണു പുസ്തകത്തിലുള്ളത്. 2014ല്‍ സ്വകാര്യ പ്രസാദകര്‍ പുറത്തിറക്കിയ പുസ്തകം പിന്നീട് സാഹിത്യപ്രവര്‍ത്തക സഹകരണസംഘം ഏറ്റെടുത്തു. അപ്പോഴും പുസ്തകത്തില്‍ അച്ചടിപോരായ്മ ഒഴിവായില്ല.
അഞ്ചുവര്‍ഷം മുമ്പ് കേരള സാഹിത്യ അക്കാദമി തയാറാക്കിയ പുസ്തകത്തില്‍ ആദ്യപുസ്തകത്തിന്റേതായി മൈക്രോഫിലിമില്‍ കിട്ടിയ ചില താളുകള്‍ അതേപോലെ ചേര്‍ക്കുകയും ചെയ്തു. മലയാളത്തിലെ ആദ്യത്തെ ബാലസാഹിത്യകൃതിയും ആദ്യ പാഠപുസ്തകവുമാണിത്. ഇതിനുമുന്പേ സംക്ഷേപ വേദാര്‍ഥവും ഹോര്‍ത്തൂസ് മലബാറിക്കസുമെല്ലാം മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും അവ അച്ചടിച്ചതു വിദേശത്താണ്.