തിരുവനന്തപുരം: മലയാള സിനിമയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ലിംഗവിവേചനങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റീസ് ഹേമ കമ്മീഷന് ഇന്ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായി ചൊവ്വാഴ്ച വൈകുന്നേരം 4.30ന് കൂടിക്കാഴ്ച നടത്തി റിപ്പോർട്ട് സമർപ്പിക്കും. ജസ്റ്റീസ് ഹേമ, നടിമാരായ ശാരദ, കെ.ബി.വത്സല കുമാരി എന്നിവരാണ് കമ്മീഷനിലെ അംഗങ്ങൾ.
കൊച്ചിയിൽ നടിക്ക് എതിരെ ആക്രമണമുണ്ടായ ശേഷമായിരുന്നു സർക്കാർ കമ്മീഷനെ നിയോഗിച്ചത്. മലയാള സിനിമയിലെ വനിതാകൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ പ്രധാന ആവശ്യമായിരുന്നു അത്. കളക്ടീവിലെ അംഗങ്ങള്‍ സംസ്ഥാന മുഖ്യമന്ത്രിയെ കാണുകയും സിനിമയുടെ അരങ്ങത്തും അണിയറയിലും സ്ത്രീകള്‍ അനുഭവിക്കുന്ന ലിംഗവിവേചനങ്ങളക്കുറിച്ച് അദേഹത്തെ അറിയിക്കുകയും ചെയ്തതിനെ തുടർന്നായിരുന്നു കമ്മീഷനെ വെച്ചത്.
തൊഴിൽ സുരക്ഷയും മതിയായ വേതനവും ഉറപ്പാക്കാൻ നടപടി വേണമെന്ന് കമ്മീഷൻ റിപ്പോർട്ടിൽ ശിപാർശയുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.